| Wednesday, 9th November 2022, 12:59 pm

പറ്റുമെങ്കിൽ സെമി ഫൈനലിൽ പങ്കെടുക്കാതിരിക്കാമോ; കോഹ്‌ലിയോട് അഭ്യർഥനയുമായി ഇം​ഗ്ലണ്ട് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിൽ മികച്ച പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവെക്കുന്നത്. താരങ്ങളുടെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ സെമിയിലേക്ക് കടന്ന ഇന്ത്യ ഇം​ഗ്ലണ്ടിനെയാണ് നേരിടുക.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സെമി ഫൈനൽ പോരാട്ടമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഇത്തവണ കപ്പ് ലക്ഷ്യമാക്കി കുതിക്കുന്ന ഇന്ത്യയെ സെമിയിൽ പൂട്ടാൻ ഇംഗ്ലണ്ടിനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബാറ്റിങ് നിര തന്നെയാണ് ഇന്ത്യക്ക് മുതൽക്കൂട്ട്. കൂട്ടത്തിൽ പ്രധാനി വിരാട് കോഹ്ലിയും. ഇതിനകം നിരവധി റെക്കോഡുകളാണ് താരം പേരിലാക്കിയിരിക്കുന്നത്.

നിലവിൽ ടി-20 ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന നേട്ടമാണ് താരം സ്വന്തം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്.

താരത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രം​ഗത്തെത്തിയിട്ടുള്ളത്. ഇം​ഗ്ലണ്ടിനെതിരേ കോഹ്‌ലിയുടെ പ്രകടനത്തിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യ അർപ്പിച്ചിരിക്കുന്നത്.

എന്നാല‍ിപ്പോൾ കോഹ്ലി സെമി ഫൈനലിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കെവിൻ പീറ്റേഴ്‌സൺ. താരത്തിന്റെ മികച്ച പ്രകടനം കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും സെമിയിൽ കോഹ്ലി തിളങ്ങരുതെന്നാണ് താൻ ആ​ഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

കോഹ്ലി മോശം ഫോമിലായ സമയത്ത് അദ്ദേഹത്തെ ഞാൻ പിന്തുണച്ചിരുന്നു. കോഹ്ലിക്ക് ഒരുപാട് കാര്യങ്ങളെ തിരിച്ചുകൊണ്ടുവരാനുണ്ടായിരുന്നു.

പഴയപോലെ കാണികളെയും ആഹ്ലാദവവും ആരവുമെല്ലാം കോഹ്ലിക്ക് വേണമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ താരത്തിനൊപ്പം ആരവങ്ങളും പ്രശംസയുമൊന്നുമില്ലായിരുന്നു.

ഇത്തവണത്തെ ടി-20 ലോകകപ്പ് ഓസ്‌ട്രേലിയയിലായതിനാൽ കോഹ്ലിക്കായി ആർപ്പ് വിളിക്കാൻ ഒരുപാട് ആളുകളുണ്ട്. ടി-20 ലോകകപ്പിലൂടെ കോഹ്ലി തിരിച്ചുവരവ് നടത്തിയപ്പോൾ അവനെ ഇഷ്ടപ്പെടുന്ന എല്ലാവരും സന്തോഷിച്ചു.

എന്നാൽ കോഹ്‌ലി സെമിയിൽ പങ്കെടുക്കരുതെന്ന് മാത്രമാണ് ഇപ്പോൾ ഞാൻ ആവശ്യപ്പെടുന്നത് – പീറ്റേഴ്‌സൺ വ്യക്തമാക്കി.

അതേസമയം ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യക്കാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. ജോസ് ബട്‌ലർ, ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റൺ എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തിൽ ഇന്ത്യക്കാണ് വിജയ സാധ്യത.

സമീപകാലത്ത് ഇംഗ്ലണ്ടിനെതിരേ കളിച്ചപ്പോഴെല്ലാം ഇന്ത്യക്ക് മുൻതൂക്കമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. വലിയ ആത്മവിശ്വാസത്തോടെയെത്തുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരേ മുൻതൂക്കം അവകാശപ്പെടാം.

Content Highlights: I’m very happy for V​irat Kohli, but; Kevin petersen

We use cookies to give you the best possible experience. Learn more