ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിന് ബദലായി വമ്പന്‍ ക്ലബുകളുടെ നേതൃത്വത്തില്‍ തുടങ്ങാനിരിക്കുന്ന സൂപ്പര്‍ ലീഗ് പ്രഖ്യാപനത്തിനിടെ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം.
കൂടുതല്‍ മെറിറ്റിന്റെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളാണ് ആവശ്യം, മൂല്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന ഗെയിം അപകടത്തിലാണെന്നും ബെക്കാം തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പറഞ്ഞു. തന്റെ ആരാധകര്‍ക്കൊപ്പമുള്ള ഒരു ചിത്രവും ബെക്കാം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഞാന്‍ ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരാളാണ്. എനിക്ക് ഓര്‍മിക്കാന്‍ കഴിയുന്നിടത്തോളം കാലം ഫുട്ബോള്‍ എന്റെ ജീവിതമാണ് എന്ന ആമുഖത്തോടെയാണ് ബെക്കാം തന്റെ പ്രതികരണം പറഞ്ഞത്.
ഞാന്‍ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഒരു ആരാധകനാണെന്നും ഇനിയും നല്ല മത്സരങ്ങള്‍ എനിക്ക് ആവശ്യമാണെന്നും ബെക്കാം പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയിലും ഒരു ഉടമയെന്ന നിലയിലും ഞങ്ങളുടെ കായിക ആരാധകര്‍ ഇല്ലാതെ ഒന്നുമില്ല, നമുക്ക് എല്ലാവര്‍ക്കും അതിന്റെ എല്ലാ മൂല്ല്യത്തോടെയും ഫുട്ബോള്‍ ആവശ്യമാണെന്നും ബെക്കാം പറഞ്ഞു.
നേരത്തെ, റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഉള്‍പ്പടെ 12 ക്ലബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഫിഫയുടെയും യുവേഫയുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകള്‍ മുന്നോട്ടുപോവുന്നതാണ് ഫുട്ബോള്‍ ലോകത്ത് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്സണല്‍, ലിവര്‍പൂള്‍, ടോട്ടനം, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, എ സി മിലാന്‍, യുവന്റസ്, ഇന്റര്‍ മിലാന്‍ ക്ലബുകളും സൂപ്പര്‍ ലീഗിന് പിന്തുണ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക