| Sunday, 7th August 2022, 7:16 pm

മുസ്‌ലിം ലീഗിനെ സി.പി.ഐ.എം മുന്നണിയില്‍ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്‌കാണ്: എം.കെ. മുനീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗിനെ സി.പി.ഐ.എം മുന്നണിയില്‍ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്‌കാണെന്ന് എം.കെ. മുനീര്‍. രാഷ്ട്രീയം സാധ്യതകളുടെ കലയാണ്, താന്‍ അത്തരം കേവല-സാധ്യതകളുടെ കലയില്‍ വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല, പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ ട്വിസ്റ്റുകളിലും, വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ പിന്‍ബലം കൂടി കരുത്താകണമെന്ന് കരുതുകയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുകയും ചെയ്യുന്നുവെന്ന ആളാണെന്നും മുനീര്‍ പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സംസാരിച്ചതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ചിലര്‍ക്ക് കിട്ടുന്ന സുഖം വെറും നൈമിഷികം മാത്രമാണെന്ന് കാലം തെളിയിക്കുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുസ്‌ലിം ലീഗ് എല്‍.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്നും, ആശയപരമായി വ്യത്യാസമുളളവര്‍ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും തനിക്ക് അന്ധമായ സി.പി.ഐ.എം വിരോധമില്ലെന്നും എം.കെ. മുനീര്‍ പറഞ്ഞിരുന്നു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുനീറിന്റെ പ്രതികരണം.

രാഷ്ട്രീയം നമുക്ക് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. നാളെ എന്ത് സംഭവിക്കുമെന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പറയാന്‍ പറ്റില്ല. രാജ്യത്തെ രാഷ്ട്രീയം തന്നെ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാന്‍ അന്ധമായ സി.പി.ഐ.എം വിരോധമുള്ള ആള്‍ അല്ല. പക്ഷെ ഇവിടെ എനിക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അവര്‍ക്കും അതേ രീതിയില്‍ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുനീര്‍ മുമ്പ് പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. ‘
രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളില്‍ ചിലരുടെയൊക്കെ ഉത്തരം ഈ രീതിയിലായിരിക്കും.
ഞാന്‍ അത്തരം കേവല-സാധ്യതകളുടെ കലയില്‍ വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല,
പ്രയോഗിക രാഷ്ട്രീയത്തിന്റെ എല്ലാ ട്വിസ്റ്റുകളിലും, വിശ്വസിക്കുന്ന ആദര്‍ശത്തിന്റെ പിന്‍ബലം കൂടി കരുത്താകണമെന്ന് കരുതുകയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുകയും ചെയ്യുന്നു.

ആ നിലക്ക് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചേരിപ്പോരില്‍ മുസ്‌ലിം ലീഗിനെ സി.പി.ഐ.എം മുന്നണിയില്‍ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്‌കാണ്.
ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സംസാരിച്ചതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ചിലര്‍ക്ക് കിട്ടുന്ന സുഖം വെറും നൈമിഷികം മാത്രമാണെന്ന് കാലമാണ് തെളിയിക്കുക.

Content Highlight: I’m not trying to bring Muslim League to CPIM front says MK Muneer

We use cookies to give you the best possible experience. Learn more