ലോകകപ്പ് ഫുട്ബോൾ ആവേശം കലാശപ്പോരിലേക്ക് അടുക്കുമ്പോൾ ആരായിരിക്കും ഖത്തറിൽ ഇത്തവണ വിജയ കിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ലാറ്റിന മേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസിനോട് ഏറ്റുമുട്ടുന്നത്.
അന്ന് മൈതാനത്ത് നിന്ന് വിജയിച്ചു കയറാൻ സാധിക്കുന്ന ടീമിന് ലോക ഫുട്ബോളിന്റെ വിശ്വകിരീടം ശിരസിലണിയാം.
ലോകകപ്പിന് മുമ്പ്പരിക്കു പറ്റി ടീമിന് പുറത്തായ ഫ്രഞ്ച് സൂപ്പർ താരവും ബാലൻ ഡി ഓർ ജേതാവുമായ കരീം ബെൻസെമ പരിക്ക് ഭേദമായി തിരിച്ചു വരുന്നെന്നും, ഫ്രാൻസിനായി ഫൈനൽ കളിച്ചേക്കാമെന്നുമുള്ള റിപ്പോർട്ടുകൾ മുമ്പ് പുറത്ത് വന്നിരുന്നു.
ബെൻസെമ പരിക്കിൽനിന്ന് മുക്തനാകുന്നുണ്ടെന്നും ഉടൻ ടീമിൽ തിരിച്ചെത്തുമെന്ന വാർത്ത ഫ്രഞ്ച് മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്.
പിന്നീട് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്കയും ഫ്രഞ്ച് താരം പരിക്ക് ഭേദമായി തിരിച്ചെത്തിയെന്നും, പരിശീലനത്തിൽ ഏർപ്പെടുന്നുണ്ടെന്നും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
ഇടത് തുടയിലേറ്റ പരിക്ക് മൂലമായിരുന്നു ബെൻസെമക്ക് ലോകകപ്പിലെ ഇത് വരെയുള്ള മത്സരങ്ങൾ നഷ്ടമായിരുന്നത്.
എന്നാലിപ്പോൾ തനിക്ക് ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കളിക്കാൻ താൽപര്യമില്ല എന്ന് അറിയിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം ലോകകപ്പ് ഫൈനൽ കളിക്കാനുള്ള തന്റെ താൽപര്യമില്ലായ്മ അറിയിച്ചത്.
ലോകകപ്പ് ഫൈനൽ കളിക്കുന്നില്ലെങ്കിലും ഇപ്പോഴും ലോകകപ്പ് ടീമിന്റെ ഭാഗമായ ബെൻസെമക്ക് ഫ്രാൻസ് വിജയിച്ചാൽ വിജയികൾക്കുള്ള ട്രോഫി പങ്കിടാൻ അവസരം ലഭിക്കുകയും വിജയികൾക്കുള്ള മെഡൽ ലഭിക്കുകയും ചെയ്യും.
അതേസമയം ഫ്രഞ്ച് കോച്ച് ദെഷാംപ്സുമായുള്ള സ്വരചേർച്ചയില്ലായ്മയാണ് താരത്തിന്റെ ടീം പ്രവേശനവുമായി ബന്ധപ്പെട്ട താൽപര്യമില്ലായ്മക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തേ ബെൻസെമ കളിക്കുമോ എന്നുള്ള ഫോക്സ് സ്പോർട്സ് റിപ്പോർട്ടറുടെ ചോദ്യത്തിന് “എനിക്ക് ആ ചോദ്യത്തിനോട് അഭിപ്രായം പറയാൻ താല്പര്യമില്ല. അടുത്ത ചോദ്യം ചോദിച്ചോളൂ,’ എന്നാണ് ഫ്രഞ്ച് കോച്ച് ദെഷാംപ്സ് മറുപടി നൽകിയിരുന്നത്.
സിനദിൻ സിദാന് ശേഷം ഫ്രാൻസിനായി ബാലൻ ഡി ഓർ നേടിയ താരമായ ബെൻസെമയുടെ പൊസിഷനിൽ ഫ്രഞ്ച് ടീമിനായി ലോകകപ്പിൽ കളിക്കുന്ന ഒലിവർ ജിറൂദ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്.
ഫ്രാൻസിനായി ഖത്തറിൽ ഇത് വരെ നാല് ഗോളുകൾ നേടിയ ജിറൂദ് ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ മെസിക്കും, എംബാപ്പെക്കും ഒപ്പമുണ്ട്.
Content Highlights: I’m not interested Karim Benzema said he will not play in the World Cup final for France