ട്വിറ്ററില്‍ പത്താന്‍ മൂവി വിവാദത്തില്‍ തുടങ്ങിയ ബോളിവുഡ് നടി കങ്കണ റണാവത്തും ഉര്‍ഫി ജാവേദും തമ്മിലുള്ള പോര് ശക്തമായി തുടരുകയാണ്.
ഷാരൂഖ് ഖാന്‍- ദീപിക പദുകോണ്‍ താര ജോഡികളുടെ പത്താന്‍ സിനിമയുടെ വിജയത്തെ പരിഹസിച്ചുകൊണ്ട് കങ്കണ പങ്കുവെച്ച ട്വീറ്റ് വലിയ ചര്‍ച്ചയായിരുന്നു.
‘ഇന്ത്യന്‍ ജനത ഖാന്‍മാരെ സ്‌നേഹിക്കുന്നു. ചില സമയങ്ങളില്‍ ഖാന്‍മാരെ മാത്രമേ സ്‌നേഹിക്കുന്നുള്ളൂ. കൂടാതെ മുസ്‌ലിം താരങ്ങളോട് പ്രത്യേക അഭിനിവേശമുണ്ട്,’ എന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെ കങ്കണയുടെ ട്വീറ്റിന് മറുപടിയുമായി നടി ഉര്‍ഫി ജാവേദ് എത്തിയിരുന്നു. കലയില്‍ മതമില്ലെന്നും അവിടെ താരങ്ങള്‍ മാത്രമേയുള്ളൂവെന്നാണ് ഉര്‍ഫി ട്വീറ്റ് ചെയ്തത്.
ഇതോടെ ട്വിറ്ററില്‍ താരങ്ങള്‍ തമ്മിലുള്ള വാക്‌പോരിനാണ് കളമൊരുങ്ങിയത്.
‘അത് വളരെ ആദര്‍ശ ലോകമായിരിക്കും. പക്ഷേ, നമുക്ക് ഏകീകൃത സിവില്‍ കോഡില്ലാതെ അത് സാധ്യമല്ല. നമുക്കെല്ലാവര്‍ക്കും ഒരു ഏകീകൃത സിവില്‍ കോഡിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാം,’ എന്ന് പറഞ്ഞാണ് ഉര്‍ഫിക്ക് മറുപടിയുമായി കങ്കണ വീണ്ടുമെത്തിയത്.
ഇതിന് മറുപടിയായി ഉര്‍ഫി ‘അത് എന്നെ സംബന്ധിച്ച് മോശം തീരുമാനമായിരിക്കും. കാരണം ഞാനെന്റെ വസ്ത്രധാരണത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്,’ എന്ന പരിഹാസ ട്വീറ്റാണ് ചെയ്തത്.
കന്നഡയിലെ പ്രമുഖ കവയിത്രിയായ അക്ക മഹാദേവിയുടെ ഒരു കഥ പറഞ്ഞാണ് കങ്കണ ഉര്‍ഫിക്ക് വീണ്ടും മറുപടി നല്‍കിയത്. പിന്നാലെ ഉര്‍ഫി നമ്മുടെ രാഷ്ടീയ നിലപാടുകള്‍ ഒന്നല്ലെങ്കിലും ആ സ്ത്രീയെ ബഹുമാനിക്കുന്നു എന്നാണ് ഉര്‍ഫി മറുപടിയായി ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെ കങ്കണ ഉര്‍ഫിക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ വീണ്ടുമെത്തി. ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
‘ഞാന്‍ സെന്‍സിറ്റീവായ, വിവേകമുള്ള ഒരാളാണ്, ഞാനൊരു രാഷ്ട്രീയക്കാരിയല്ല. രാഷ്ട്രീയത്തില്‍ ചേരാന്‍ എന്നോട് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ഞാന്‍ ചേര്‍ന്നില്ല. എന്നെ വെറുക്കുന്ന ആളുകള്‍ക്ക് അതിനുള്ള ന്യായീകരണങ്ങള്‍ ചമക്കേണ്ടതുണ്ട്, അതിനാലാണ് അവരെന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ വെറുക്കുന്നത്,’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
Content Highlight: I’m not a political person, I’m Sensible: Kangana Ranaut on Twitter