| Friday, 21st February 2020, 3:26 pm

' എന്റെ ഹൃദയം കുത്തിപ്പിളര്‍ക്കാനാണ് തോന്നുന്നത്, ആരെങ്കിലും ഒന്നുകൊന്നുതരൂ'; ഉയരക്കുറവ് മൂലം പരിഹസിക്കപ്പെടുന്ന ഒന്‍പതുവയസ്സുകാരന്റെ വീഡിയോ പങ്കുവെച്ച് അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉയരക്കുറവ് മൂലം പരിഹാസം നേരിടുന്ന മകന്റെ സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ യുവതി.

ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന മകന്റെ വീഡിയോ ആണ് യരക്ക ബെയില്‍സ് എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്.

‘എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ബെയില്‍സിന്റെ ഒന്‍പത് വയസ്സു പ്രായമുള്ള മകന്‍ ഖ്വാദന്‍ പറയുന്നത്.

മകനെ സ്‌കൂളില്‍ നിന്ന് തിരിച്ച് കൊണ്ടുപോകാന്‍ ചെന്നപ്പോഴാണ് ഖ്വാദനെ കുട്ടൂകാര്‍ കളിയാക്കുന്നത് അവര്‍ കണ്ടത്. മറ്റ് കുട്ടികള്‍ ഖ്വാദന്റെ തലയിലടിച്ചുകൊണ്ട് ഉയരത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കിയാതായും കുട്ടിയുടെ അമ്മ പറയുന്നുണ്ട്.

” എനിക്ക് എന്റെ ഹൃദയം കുത്തിപ്പിളര്‍ക്കാനാണ് തോന്നുന്നത്. എന്നെ ആരെങ്കിലുമൊന്ന് കൊന്നു തരൂ”, ഖ്വാദന്‍ കരഞ്ഞുകൊണ്ട് പറയുന്നു.

കളിയാക്കുന്നത് മൂലം ഒരുകുട്ടിക്ക് ഉണ്ടാവുന്ന ആഘാതമാണ് ഇതെന്ന് ബെയില്‍സ് പറയുന്നു.

” അവനും സ്‌കൂളില്‍ പോവണം. വിദ്യാഭ്യാസം കിട്ടണം, ജീവിതം ആസ്വദിക്കണം. എല്ലാദിവസവും എന്തെങ്കിലുമൊക്കെ സംഭവിക്കും. ഒന്നല്ലെങ്കില്‍ മറ്റൊന്ന്. പരിഹസിക്കുന്നു, പുതിയ പേരുകള്‍ വിളിക്കുന്നു.

ഇത്തരം കാര്യങ്ങള്‍ എത്ര ആഴത്തിലാണ് ഒരു കുടുംബത്തെ ബാധിക്കുന്നതെന്ന് എല്ലാവരും അറിയണമെന്നെനിക്ക് ആഗ്രഹമുണ്ട്. ആളുകള്‍ അവരുടെ മക്കളെ അതേക്കുറിച്ച് അവബോധരാക്കണം” അവര്‍ പറഞ്ഞു.

ഖ്വാദന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ 15 മില്യണിലധികംആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഓസ്ട്രേലിയയിലെ നാഷണല്‍ റഗ്ബി ലീഗ് (എന്‍.ആര്‍.എല്‍) അംഗങ്ങള്‍ ഖ്വാദനും അമ്മയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more