കെയ്റോ: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിട്ട അയല്‍രാജ്യമായ ഈജിപ്തിനായുള്ള വായ്പ പദ്ധതികള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അയല്‍ രാജ്യങ്ങളില്‍ സാമ്പത്തിക ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.
ഈജിപ്ത് നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം രാജ്യത്തിന്റെ മൂന്ന് ബില്യണ്‍ ഡോളറിന്റെ വായ്പാ പദ്ധതി വര്‍ധിപ്പിക്കാന്‍ ഐ.എം.എഫ് തീരുമാനമെടുത്തതായി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഈജിപ്തിനെ കൂടാതെ അയല്‍ രാജ്യങ്ങളായ ലെബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കും സാമ്പത്തിക, സാമൂഹിക നഷ്ടങ്ങള്‍ സംഭവിച്ചുവെന്നും ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. ടൂറിസം മേഖലയും ഊര്‍ജ്ജ മേഖലയും അരക്ഷിതാവസ്ഥയില്‍ ആയെന്നും ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഏഷ്യ – പസഫിക് സാമ്പത്തിക സഹകരണ അപെക് ഉച്ചകോടിക്കിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു ജോര്‍ജീവയുടെ പരാമര്‍ശം. അപെക് ഉച്ചകോടിയില്‍ അമേരിക്ക, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ 21 അംഗങ്ങള്‍ പങ്കെടുത്തു. എന്നാല്‍ ഗസക്കെതിരായ ഇസ്രഈലിന്റെ ആക്രമണത്തില്‍ ഉച്ചകോടിയില്‍ അഭിപ്രായ ഭിന്നത ഉണ്ടായി.
ഉക്രൈനിലെ റഷ്യ നടത്തിയ യുദ്ധത്തെ തുടര്‍ന്ന് ഗോതമ്പിനും എണ്ണക്കും ഉണ്ടായ വിലവര്‍ധനവില്‍ ഈജിപ്ത് പുതിയ വായ്പക്കായി ഐ.എം.എഫിനെ സമീപിച്ചിരുന്നു. കൂടാതെ വലിയ വിപണികളായ ഉക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും ടൂറിസ മേഖലയില്‍ ഈജിപ്തിന് തിരിച്ചടി നേരിട്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം ഈജിപ്തിന് വായ്പ നല്‍കാന്‍ ഐ.എം.എഫ് സമ്മതിച്ചിരുന്നു. സ്വകാര്യമേഖലയെ വികസിപ്പിക്കുക എന്നതാണ് വായ്പയുടെ ലക്ഷ്യം. വ്യാപാരത്തില്‍ രാജ്യത്തിന്റെ കയ്യൊപ്പ് വര്‍ധിപ്പിക്കുക, ശക്തമായ മത്സര ചട്ടക്കൂട് സ്വീകരിക്കുക, സുതാര്യത വര്‍ദ്ധിപ്പിക്കുക, മെച്ചപ്പെട്ട വ്യാപാര സൗകര്യം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ വായ്പാ നയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഐ.എം.എഫ് അറിയിച്ചിരുന്നു.