| Tuesday, 9th October 2012, 10:13 am

ഇന്ത്യയുടെ വളര്‍ച്ച ഇടിയുമെന്ന് ഐ.എം.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഐ.എം.എഫ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് കുത്തനെ കുറച്ചു. കഴിഞ്ഞ ജൂലൈയിലെ റിപ്പോര്‍ട്ടില്‍ ഇന്ത്യ 6.1 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം 5 ശതമാനത്തില്‍ താഴെ മാത്രമായിരിക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.[]

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അസാധാരണമായ അസ്ഥിരത നേടിയിരിക്കുകയാണെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. ചില്ലറ വ്യാപാരം, പെന്‍ഷന്‍ മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിച്ചത് ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ അനുമാനം.

സാമ്പത്തിക പരിഷ്‌കാര നടപടികള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയാത്തതും ബിസിനസ് സാഹചര്യങ്ങള്‍ മോശമായതും വിദേശ വ്യാപാര കമ്മി വര്‍ധിച്ചതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചതുമാണ് സാമ്പത്തിക വളര്‍ച്ച കുറയുമെന്ന വിലയിരുത്തലിന് കാരണമെന്ന് ഐ.എം.എഫ് വ്യക്തമാക്കി.

ഏഷ്യയിലെ മൂന്നാമത്തെന്മ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യക്ക് പുറമെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലും സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

ഏഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ പണപ്പെരുപ്പം കുറയാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്നാണ് ഐ.എം.എഫ് വിലയിരുയുന്നത്.

We use cookies to give you the best possible experience. Learn more