ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകനായി വന്ന് മലയാളി മനസില്‍ ഇടം പിടിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി.പി. റിയാലിറ്റി ഷോക്ക് ശേഷം തന്നെയാണ് ജി.പിക്കുള്ളിലെ നടനെ പ്രേക്ഷകര്‍ കണ്ട് തുടങ്ങിയതും. അവിടന്നങ്ങോട്ട് ഒട്ടനവധി ചിത്രങ്ങള്‍.
മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് വരെ എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാക്കാന്‍ പറ്റുന്നൊരു കലാകാരന്‍ കൂടിയാണ് ജി.പി.
തന്റെ വിവാഹത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ജി.പി ഇപ്പോള്‍. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.
തന്റെ വിവാഹത്തെ കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടെന്നും വിവാഹം ഒരു ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും ജി.പി പറയുന്നു.
‘കല്യാണത്തെ കുറിച്ച് എല്ലാ ആളുകളെ കൊണ്ടും ചോദിപ്പിച്ച് കൊണ്ടേ ഇരിക്കുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശം. ജീവിതം ഇങ്ങനെ അടിച്ച് പൊളിച്ച് ഗംഭീരമായി പോയി കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല. എപ്പോഴെങ്കിലും ഇതുപോലെയുള്ള ഭ്രാന്ത് ഉള്ള ആളെ കണ്ടുമുട്ടുകയാണെങ്കില്‍, എന്റെ ഇതേ സന്തോഷം മുന്നോട്ടും കൊണ്ട് പോകാന്‍ സാധിക്കും എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്,’ താരം പറയുന്നു.
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വന്നത് മുതല്‍ ആളുകള്‍ തന്റെ കല്യാണം സോഷ്യല്‍ മീഡിയ വഴി നടത്തുന്നുണ്ടെന്നും കല്യാണം കഴിച്ചാലും ഗോസിപ്പുകള്‍ വരുമോ എന്നതാണ് പേടിയെന്നും ജി.പി പറഞ്ഞു.
‘ഒന്നും രണ്ടും തവണയല്ല, പല തവണ പല സമയത്തായി എന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടേ ഇരിക്കുകയാണ്. ഡി ഫോര്‍ ഡാന്‍സ് മുതലേ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ കല്യാണം കഴിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആളുകളുടെ സമാധാനത്തിന് വേണ്ടി അങ്ങനൊരു സംഭവം നടക്കുന്നുണ്ട്. എന്റെ ഈ രീതി വെച്ചിട്ട് ഇനി കല്യാണം കഴിഞ്ഞിട്ടും ഗോസിപ്പുകള്‍ ഉണ്ടാവുമോ എന്നതാണ് എന്റെ പേടി. ഗോസിപ്പുകള്‍ ഒഴിവാക്കാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ജീവിതത്തില്‍ കല്യാണം കഴിക്കുന്നത്. അതല്ലല്ലോ കല്യാണത്തിന്റെ ഉദ്ദേശം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പേരിലുള്ള ഗോസിപ്പുകള്‍ താന്‍ ഒത്തിരി ആസ്വദിക്കുന്നുണ്ട്. ഭാര്യയെ കുറിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. വരട്ടെ, വരുന്നിടത്ത് വെച്ച് കാണാം. അതല്ലേ അതിന്റെ ഒരു ഭംഗി എന്നും താരം പറഞ്ഞു.
എം.ജി. ശശി സംവിധാനം ചെയ്ത അടയാളങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ജി.പി അഭിനയിക്കുന്നത്. പിന്നീട് ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഐ.ജി, ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.
ഭൂമി മലയാളം, കോളേജ് ഡെയ്‌സ്, 72 മോഡല്‍, വര്‍ഷം, ലാവണ്ടര്‍,32 ആം അധ്യായം 23 ആം വാക്യം, പ്രേതം, പ്രേതം 2, കീ, മൈ സാന്റ, അള വൈകുണ്ടപുരമല്ലു, ബംഗരാജു തുടങ്ങിയവയാണ് ഗോവിന്ദ് പത്മസൂര്യ അഭിനയിച്ച മറ്റ് സിനിമകള്‍.
Content Highlights: I’m been getting married since D for Dance; No ideas about wife: Govind Padmasurya