| Monday, 4th October 2021, 3:20 pm

എന്നെ അറസ്റ്റ് ചെയ്തു, പക്ഷേ മന്ത്രിപുത്രന്‍ സ്വതന്ത്രനാണ്: പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട്ടിലേക്ക് തിരിച്ച തന്നെ അറസ്റ്റ് ചെയ്ത പൊലീസ് എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

എന്തുതരം ജനാധിപത്യമാണിതെന്നും പ്രിയങ്ക ചോദിച്ചു. തന്നെ 151ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്നും പ്രിയങ്ക പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് തള്ളിയിട്ടതായും മാനസികമായി പീഡിപ്പിച്ചതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടംബത്തെ കാണാനെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായത്.

ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും കഴിഞ്ഞ ദിവസം രാത്രി ലഖ്നൗവില്‍ എത്തിയ പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്.

നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: I’m Arrested But Minister’s Son Is Free Priyanka Gandhi

We use cookies to give you the best possible experience. Learn more