ന്യൂദല്‍ഹി: തനിക്കെതിരായ കൊലപാതക കേസ് വ്യാജമാണെന്ന് അവകാശപ്പെട്ട് പതിനൊന്ന് വയസുകാരന്‍ സുപ്രീം കോടതിയില്‍ ഹാജരായി. തന്റെ കൊലപാതക കേസ് സുപ്രീം കോടതി പരിഗണിക്കവെയാണ് ഉത്തര്‍പ്രദേശുകാരനായ ആണ്‍കുട്ടി കോടതിയില്‍ ഹാജരായത്. മുത്തച്ഛനും അമ്മാവനുമാണ് തന്റെ കൊലപാതകത്തിന് പിന്നില്‍ എന്നത് പിതാവിന്റെ തെറ്റായ വാദമാണെന്നും കുട്ടി കോടതിയില്‍ പറഞ്ഞു.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹര്‍ജിക്കാര്‍ക്കെതിരെ നിര്‍ബന്ധിത നടപടി സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാറിനും പിലിബത്തിലെ പൊലീസ് സൂപ്രണ്ടിനും ന്യൂരിയ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ക്കും കോടതി നോട്ടീസയച്ചു.
കുട്ടി 2013 ഫെബ്രുവരി മുതല്‍ കര്‍ഷകനായ മുത്തച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബത്തില്‍ നിന്ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പിതാവ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. 2010 ല്‍ വിവാഹിതയായ അമ്മ 2013 മാര്‍ച്ചില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി,’ കുട്ടിക്കായി ഹാജരായ അഭിഭാഷകന്‍ കുല്‍ദീപ് ജൗഹരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അമ്മയുടെ മരണത്തെ തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛന്‍ പിതാവിനെതിരെ ഐ.പി.സി. 304 ബി വകുപ്പ് പ്രകാരം (സ്ത്രീധന മരണം) എഫ്.ഐ.ആര്‍
ഫയല്‍ ചെയ്തു.
ഇതിനിടയില്‍ തന്റെ മകനെ തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് രംഗത്തെത്തി. ജനുവരിയില്‍ ഇയാള്‍ കുട്ടിയുടെ മുത്തച്ഛനും അമ്മാവന്‍മാരും കുട്ടിയെ കൊലപ്പെടുത്തി എന്നാരോപിച്ച് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ഈ കേസില്‍ കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുകയും കുട്ടി ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവായി കുട്ടിയെ ഹാജരാക്കുകയും ചെയ്തതെന്ന് കുട്ടിയുടെ അഭിഭാഷകനായ ജൗഹരി പറഞ്ഞു.
content highlight : I’m alive’, boy tells Supreme Court at hearing of his ‘murder case