ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു; ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു
Medical strike
ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു; ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2018, 3:56 pm

ന്യൂദല്‍ഹി: ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്ലിനെതിരായി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി നടത്തിവന്ന സമരം പിന്‍വലിച്ചു. ബില്‍ ലോക്സഭ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്ഭവന് മുന്നില്‍ നടത്തിവന്ന സമരവും നിര്‍ത്തിവെച്ചിട്ടുണ്ട്.

സ്റ്റാന്‍ഡിങ് കമ്മറ്റിയോട് അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോക്സഭാ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.  ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ ഐഎംഎ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ അറിയിച്ചിരുന്നു. പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിനു പകരം  ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന ബില്ലിലെ വ്യവസ്ഥയെയാണ് ഐ.എം.എ പ്രധാനമായും എതിര്‍ത്തത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം. ബില്ലിലെ ഈ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ്. പഠനം അസാധ്യമാക്കുമെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ പറഞ്ഞു.

ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപതി ചികിത്സ പ്രാക്ടീസ് ചെയ്യാനുള്ള അനുമതിയും മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നു. ഇതിനെതിരെയും ഐ.എം.എ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു.

ഡോക്ടര്‍മാരുടെ പൊടുന്നനെയുള്ള ഈ സമരം രോഗികളെ തീര്‍ത്തും ദുരിതത്തിലാക്കിയിരുന്നു. ആശുപത്രികളില്‍ എത്തിയതിന് ശേഷമാണ് പലരും സമരത്തെ കുറിച്ച് അറിയുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചാണ് സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇത് കാരണം പല രോഗികള്‍ക്കും ചികിത്സ വൈകി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ രാവിലെ എട്ടിനും പത്തിനുമിടയില്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. പി.എച്ച്.എസി മുതല്‍ ജില്ലാ – ജനറല്‍ ആശുപത്രി വരെയുള്ള ഡോക്ടര്‍മാര്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ ഒ.പിയും വാര്‍ഡും ബഹിഷ്‌കരിച്ചു. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.