| Friday, 1st August 2014, 11:36 am

കോഴി ഇറച്ചിയിലെ ആന്റിബയോട്ടിക് സാന്നിധ്യം: നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഐ.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ആന്റിബയോട്ടിക് വില്‍പ്പനയില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). കോഴികളുടെ വളര്‍ച്ച വേഗത്തിലാക്കാനും ഭാരം വര്‍ദ്ധിപ്പിക്കാനും ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നതായി കണ്ടെത്തിയതോടെയാണ് ഐ.എം.എ രംഗത്തെത്തിയത്.

ആന്റിബയോട്ടിക്കുകളുടെ അനധികൃത ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മൃഗങ്ങളിലേയും മനുഷ്യരിലേയും ആന്റിബയോട്ടിക് ഉപയോഗം കണ്ടെത്തുന്നതിന് ദേശീയ തലത്തില്‍ ഡാറ്റാബാങ്ക് സ്ഥാപിക്കണമെന്നും ഐ.എം.എ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇറച്ചിക്കായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് മാനദണ്ഡം നിശ്ചയിക്കണം. ഭാരം വര്‍ദ്ധിപ്പിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്തുവാനുമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധശേഷിയെ താറുമാറാക്കുമെന്ന് ഐ.എം.എ പ്രതിനിധി നരേന്ദ്ര സയിനി പറഞ്ഞു.

ദല്‍ഹിയില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് കോഴിയിറച്ചിയില്‍ ആറ് ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയത്. എന്റോഫ്‌ളോക്‌സാസിന്‍, സിപ്രോഫ്‌ളോക്‌സാസിന്‍,ഫ്‌ളൂറോക്വിനോളന്‍സ് എന്നീ വിഭാഗത്തില്‍പ്പെട്ട ആന്റിബയോട്ടിക്കുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

We use cookies to give you the best possible experience. Learn more