| Wednesday, 14th August 2019, 5:09 pm

'ഐ ലവ് കേരള...'; മലയാളികളുടെ കരുതലിന് ബ്ലാക്ക് ബോര്‍ഡില്‍ നന്ദി കുറിച്ച് അതിഥി സംസ്ഥാന തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ‘ഐ ലവ് കേരള…”കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ..’ ‘ഐ ലവ് മൈ ഇന്ത്യ..’ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ: സ്‌കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകളാണിത്. മഴക്കെടുതി മൂലം ക്യാമ്പില്‍ കഴിയേണ്ടി വന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ ക്യാമ്പ് വിട്ട് പോകുമ്പോള്‍ എഴുതിയതാണിത്. മന്ത്രി ഇ.പി ജയരാജനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്.

ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളായ 109 പേരാണ് അരോളി സ്‌ക്കൂളിലെ ക്യാമ്പിലുണ്ടായിരുന്നത്. നാല് ദിവസം നീണ്ടു നിന്ന ദുരിതാശ്വാസക്യാമ്പില്‍ നിന്നും ലഭിച്ച കരുതലിനും സ്‌നേഹത്തിനുമുള്ള അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകളെന്ന്
ഇ.പി.ജയരാജന്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

വെളുത്ത അക്ഷരങ്ങളാല്‍ കറുത്ത ബോര്‍ഡില്‍ നിറഞ്ഞമനസോടെ അവരെഴുതി…..

‘ഐ ലവ് കേരള…’
‘കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ..’
‘ഐ ലവ് മൈ ഇന്ത്യ..’

ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ: സ്‌കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകളാണിത്. ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. പ്രളയം അവര്‍ക്ക് ഒരു പുതിയ കാര്യമല്ല.എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. പായ, ഭക്ഷണം, വസ്ത്രം, ഡോക്ടര്‍മാരുടെ സേവനം, പിന്നെ ഒട്ടും പരിചയമില്ലാത്തവരുടെ കരുതലും സ്‌നേഹവും. അധ്യാപകര്‍, യുവജന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ലഭിച്ച സേവനം അവര്‍ക്ക് വിലമതിക്കാനാകാത്തതാണ്. നാല് ദിവസത്തെ ദുരിതാശ്വാസക്യാമ്പില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകള്‍.

We use cookies to give you the best possible experience. Learn more