തിരുവനന്തപുരം: എമ്പുരാനില്‍ മലക്കംമറിഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫര്‍ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അതിന്റെ തുടര്‍ച്ചയായ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞതെന്നും എന്നാല്‍ ഇനി എമ്പുരാന്‍ കാണില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ എമ്പുരാനില്‍ ഉണ്ടെന്ന് തനിക്ക് മനസിലായെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
‘ലൂസിഫര്‍ കണ്ടിരുന്നു. എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസിലായി,’ രാജീവ് ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.
‘അപ്പോള്‍ ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ? ഇല്ല.
ഇത്തരത്തിലുള്ള സിനിമാ നിര്‍മാണത്തില്‍ ഞാന്‍ നിരാശനാണോ? അതെ,’ രാജീവ് പറഞ്ഞു.
എമ്പുരാന്‍ റീലീസാകുന്നതിന് മുമ്പ് സിനിമ കാണുമെന്ന് അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെക്കാളും തരംതാഴുകയാണോ, ഇതിനെ നിങ്ങളെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത് തുടങ്ങിയ ചോദ്യങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത ആക്രമണമാണ് രാജീവിന് നേരെ നടത്തിയത്.
പിന്നാലെ തിരുവനന്തപുരത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ എമ്പുരാന്റെ സെൻസറിങ്ങിനെതിരെ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു.
സെന്‍സര്‍ ബോര്‍ഡിലെ ആര്‍.എസ്.എസ് നോമിനികള്‍ക്ക് വീഴ്ച പറ്റിയതായി കോര്‍ കമ്മിറ്റി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ സംഘടനാ നടപടി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ സൂചന നല്‍കിയിരുന്നു.
Content Highlight: I liked Lucifer, but I won’t watch Empuran; Rajeev Chandrasekhar change his statement