കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ താന്‍ ഇട്ട പോസ്റ്റും കമന്റും പ്രതീക്ഷിക്കാത്ത രീതിയില്‍ ആളുകള്‍ വ്യാഖാനിച്ചെന്ന് സംവിധാകന്‍ ഒമര്‍ ലുലു. നടിയെ ആക്രമിച്ച സംഭവത്തെ നിസാരവത്കരിക്കുന്നില്ലെന്നും ആര്‍ക്കായാലും തെറ്റ് പറ്റാമെന്നും ഒമര്‍ ലുലു പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപ് എന്ന നടനെയാണ് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും വ്യക്തിയെ തനിക്കറിയില്ലെന്നും ഒമര്‍ ലുലു പറഞ്ഞു.
‘ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റും കമന്റും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ ആണ് നടക്കുന്നത്. ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക് അറിയില്ല),’ അദ്ദേഹം പറയുന്നു.
ആര്‍ക്കായാലും തെറ്റ് പറ്റാമെന്നും ഉണ്ടായ സംഭവത്തെ നിസാരവത്കരിക്കുന്നില്ലെന്നും ഒമര്‍ ലുലു പറയുന്നു.
‘ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവത്കരിച്ചിട്ടില്ല മനുഷ്യനല്ലെ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് സത്യം ജയിക്കട്ടെ,’ അദ്ദേഹം പറയുന്നു.
പോസ്റ്റിന് താഴെ ക്ലിപ്പ് കാണില്ലേയെന്ന് ചോദിച്ചത് മലയാളികളുടെ സദാചാര ബോധത്തിനെതിരെയാണെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
”കമന്റില്‍ ക്ലിപ്പ് കാണില്ലേ എന്ന് ഞാന്‍ ചോദിച്ചത് ക്ലിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്. നമ്മുടെ വേണ്ടപ്പെട്ടവര്‍ വേദനിക്കുന്ന ദൃശ്യം നമ്മള്‍ കാണാന്‍ നില്‍ക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു
താനിട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് മാപ്പ് പറയുകയാണെന്നും ഒമര്‍ ലുലു പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യുമെന്നുമായിരുന്നു ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. ദിലീപ് തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാമെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.
എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയുവെന്നുമാണ് ഒമര്‍ ലുലു പറഞ്ഞിരുന്നത്.
എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഗോവിന്ദച്ചാമി എന്ന മനുഷ്യനെ ആദ്യമായി ആ പീഡനക്കേസിലാണ് കാണുന്നതെന്നും ദിലീപ് എന്ന മനുഷ്യനെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ടിരുന്നതാണെന്നും അദ്ദേഹം കമന്റ് ചെയ്തിരുന്നു.
‘എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ പറഞ്ഞ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കുമെന്നും ഒമര്‍ ലുലു ചോദിച്ചിരുന്നു.
സംഭവം വിവാദമായതോടെ പോസ്റ്റ് പേജില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റും കമ്മന്റും ഞാന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ ആണ് നടക്കുന്നത്.
1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാന്‍ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക് അറിയില്ല)
2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവല്‍ക്കരിച്ചിട്ടില്ലാ മനുഷ്യനല്ലേ തെറ്റ് പറ്റാം. തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് ‘സത്യം ജയിക്കട്ടെ’.
3) കമന്റില്‍ ക്‌ളിപ്പ് കാണിലേ എന്ന് ഞാന്‍ചോദിച്ചത് ക്‌ളിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്.
നമ്മുടെ വേണ്ടപ്പെട്ടവര്‍ വേദനിക്കുന്ന ദൃശ്യം നമ്മള്‍ കാണാന്‍ നില്‍ക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഹൃദയത്തില്‍ തട്ടി മാപ്പ്
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: I like actor Dileep, I don’t know the person; Omar Lulu with explanatory post and controversial comment