ബോളിവുഡിന്റെ പ്രിയ നായികയായ പ്രിയങ്ക ചോപ്രയുടെ പുസ്തകമായ ‘അണ്‍ഫിനിഷ്ഡി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുസ്തകത്തില്‍ തന്റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും താരം വിശദമായി തന്നെ എഴുതിയിട്ടുണ്ട്.
തന്റെ ആദ്യ തമിഴ് ചിത്രത്തെ കുറിച്ചും ചിത്രത്തിലെ നായകനായ വിജയില്‍ നിന്നും താന്‍ ഉള്‍ക്കൊണ്ട ചില പാഠങ്ങളെ കുറിച്ചും പ്രിയങ്ക വാചാലയാകുന്നുണ്ട്. വിജയില്‍ നിന്നാണ് താന്‍ വിനയവും മനുഷ്യത്വവും പഠിച്ചതെന്നാണ് പ്രിയങ്ക പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.
2000ലാണ് പ്രിയങ്ക ചോപ്ര മിസ്സ് വേള്‍ഡ് കിരീടം നേടുന്നത്. ഈ വിജയത്തിന് തൊട്ടുപിന്നാലെയാണ് തമിഴിലെ ആദ്യ അരങ്ങേറ്റമായ തമിഴന്‍ എന്ന ചിത്രത്തില്‍ പ്രിയങ്ക വേഷമിടുന്നത്. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്‍. കരിയറില്‍ പ്രിയങ്ക അഭിനയിച്ച ആദ്യത്തെ പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്.
അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തില്‍, ‘വിജയ്യുടെ വിനയവും ആരാധകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെ കുറിച്ചും പ്രിയങ്ക എഴുതിയിട്ടുണ്ട്. വിജയ്‌യുടെ പെരുമാറ്റ രീതികള്‍ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. മാജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതിയത് വിജയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ ആയിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം, ക്വാണ്ടിക്കോ എന്ന വെബ് സീരീസിന്റെ ഷൂട്ടിംഗിനിടെ ഭാഗമായി പ്രിയങ്ക ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു. പ്രിയങ്കയുടെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ ആരാധകര്‍ അവര്‍ക്കൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ അവിടെ തടിച്ചുകൂടി. തമിഴന്റെ സെറ്റില്‍ വെച്ച് വിജയ് തന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ താന്‍ അപ്പോള്‍ ഓര്‍ത്തുവെന്നും പ്രിയങ്ക പുസ്തകത്തില്‍ പറയുന്നു.
എന്റെ ഉച്ചഭക്ഷണ ഇടവേളയില്‍ ഞാന്‍ അവരോടൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കുമ്പോഴും തന്റെ ആദ്യകാല സഹനടനെ കുറിച്ചായിരുന്നു താന്‍ ചിന്തിച്ചതെന്നും ആരാധകരുമായി എങ്ങനെ ഇടപെടണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും തനിക്ക് പ്രചോദനമായിരുന്നെന്നും പ്രിയങ്ക പുസ്തകത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക