മലയാളികളുടെ എക്കാലത്തേയും ഇഷ്ടനായികയാണ് ശോഭന. ഒരുപാട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന താരം ‘വരനെ ആവശ്യമുണ്ട് ‘ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയിട്ടുള്ളത്.
തന്റെ സിനിമാ വിശേഷങ്ങളും ഡാന്‍സ് വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കു വെക്കാറുണ്ട്. ഇപ്പോള്‍ പുതുതായി പഠിച്ച കലാരൂപമായ ‘തപ്പാട്ട’ത്തിന്റെ വീഡിയോയുമായാണ് താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
ഒരുപാട് നാടോടി കലകള്‍ നമുക്കുണ്ടെന്നും അവയില്‍ ഒന്നായ തപ്പാട്ടം പഠിച്ചുവെന്നും പറഞ്ഞാണ് താരം വീഡിയോ ആരംഭിക്കുന്നത്. ശേഷം തപ്പാട്ട കലാകാരന്മാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയുമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ദ്രാവിഡ യുദ്ധവാദ്യമായ തപ്പ് ഉപയോഗിച്ചാണ് തപ്പാട്ടം ആടുന്നത്. തമിഴ് ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമാണ് തപ്പും തപ്പാട്ടവും.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സമൂഹമാധ്യമങ്ങളിലും സജീവമായത്. ശോഭനയുടെ നൃത്ത വീഡിയോകളും തന്റെ നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം സ്ഥിരമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.