ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗായ ഐ. ലീഗ് താല്‍കാലികമായി നിര്‍ത്തിവെച്ചു. 15ലധികം താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് ദിവസം മുമ്പ് ആരംഭിച്ച ടൂര്‍ണമെന്റ് രണ്ടാഴ്ചത്തേക്കാണ് നിര്‍ത്തി വെച്ചിരിക്കുന്നത്. ഫ്രീ പ്രസ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.
റയല്‍ കശ്മീര്‍ എഫ്.സിയിലെ എട്ടോളം താരങ്ങള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വിവിധ ടീമുകളില്‍ നിന്നുള്ള താരങ്ങള്‍ക്കും കൊവിഡ് ബാധയേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഏതൊക്കെ താരങ്ങള്‍ക്കാണ് രോഗബാധയേറ്റതെന്ന വിവരം ഇനിയും കൃത്യമായി ലഭിച്ചിട്ടില്ല.
കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഐ. ലീഗിനെ നോക്കിക്കാണുന്നത്, മലബാറിന്റെ സ്വന്തം ടീമായ കേരള ഗോകുലം എഫ്.സിയിലാണ് കേരളത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പിച്ച് കിരീടം മലബാറിലെത്തിച്ച അതേ ആവേശത്തോടെയാണ് ടീം ഇത്തവണയും ടൂര്‍ണമെന്റിന് ബൂട്ടു കെട്ടുന്നത്. ആദ്യ കളി ജയിച്ച് കിരീടം നിലനിര്‍ത്താന്‍ തന്നെയാണ് തങ്ങളെത്തിയിരിക്കുന്നതെന്ന സൂചനയും കേരളം മറ്റ് ടീമുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: I-League suspended for 2 weeks after at least 15 players test positive for Covid-19