ഐ ലീഗിന് കിക്ക് ഓഫ്; ഗോകുലം എഫ്.സി ഇന്നിറങ്ങും
Football
ഐ ലീഗിന് കിക്ക് ഓഫ്; ഗോകുലം എഫ്.സി ഇന്നിറങ്ങും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th October 2023, 8:49 am

ഐ ലീഗ് പുതിയ സീസണില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആദ്യ മത്സരത്തില്‍ റിയല്‍ കാശ്മീര്‍ രാജസ്ഥാന്‍ എഫ്.സിയെ നേരിടും.

കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്.സിയും പുതുമുഖങ്ങളായ ഇന്റര്‍കാശി എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് ആവേശകരമായ മത്സരം നടക്കുക.

ഐ ലീഗ് കിരീടത്തില്‍ രണ്ട് തവണ മുത്തമിട്ട മലബാറിയന്‍സിന് ഈ സീസണില്‍ കിരീടം നേടാനായാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് (ഐ.എസ്.എല്‍) യോഗ്യത നേടാന്‍ സാധിക്കും.

ഇത്തവണ സ്പാനിഷ് സ്ട്രൈക്കറായ അലജാന്‍ഡ്രോ സാഞ്ചസ് ലോപ്പസ് ആണ് ടീമിനെ നയിക്കുക. മലയാളി താരമായ വി.എസ് ശ്രീകുട്ടന്‍ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.\


ഗോകുലം ടീമില്‍ 11 മലയാളി താരങ്ങളാണ് ഉള്ളത്. സ്പാനിഷ് താരങ്ങളായ അലക്‌സ് സാഞ്ചസ്, ഐ.എസ്.എല്‍ ടീമായ എഫ്.സി ഗോവയുടെ മുന്‍താരമായ എഡുബേഡിയ, സ്പാനിഷ് ഡിഫന്‍ഡര്‍ നിലി തുടങ്ങിയ താരങ്ങളെല്ലാം ഗോകുലത്തിന്റെ വിദേശകരുത്താണ്. മുന്‍ ഇന്ത്യന്‍ താരവും മലയാളി താരവുമായ അനസ് എടത്തൊടികയെ ഈ സീസണില്‍ ഗോകുലം എഫ്.സി ടീമില്‍ എത്തിച്ചിരുന്നു. അനസിന്റെ വരവോടെ ടീമിന്റെ പ്രതിരോധം ശക്തമാവുമെന്നുറപ്പാണ്. സ്‌പെയിനില്‍ നിന്നുള്ള ഡൊമിംഗോ ഒറാമസാണ് ടീമിന്റെ മുഖ്യപരിശീലകന്‍.

ഇത്തവണ 13 ടീമുകളാണ് കിരീടപോരാട്ടത്തിനായി മാറ്റുരക്കുന്നത്. ഇന്റര്‍ കാശി, ഡല്‍ഹി എഫ്.സി, നാംദാരി എന്നീ ടീമുകളാണ് ലീഗിലെ പുതുമുഖങ്ങള്‍.

കോഴിക്കോട് സ്റ്റേഡിയത്തില്‍ അഞ്ച് മത്സരങ്ങളാണ് ഉണ്ടായിരിക്കുക. ഗോകുലം മാള്‍, സ്റ്റേഡിയം എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റ് ലഭിക്കും. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

ഉദ്ഘാടനത്തിന് വ്യത്യസ്തമായ പരിപാടികളാണ് ടീം മാനേജ്‌മെന്റ് നടത്തുന്നത്. തൈക്കൂടം ബ്രിഡ്ജിന്റെ പ്രത്യേക സംഗീതപരിപാടി 4.30ന് സ്റ്റേഡിയത്തില്‍ അരങ്ങേറും. സിനിമാ താരം ദിലീപ് പ്രധാന അതിഥിയായി സ്റ്റേഡിയത്തില്‍ ഉണ്ടാവും.

Content Highlight: I League new season starting today and Gokulam Kerala FC play the first match.