അച്ചടക്കനടപടി: ഗോകുലം എഫ്.സി താരം ഗില്ലെര്‍മെ കാസ്ട്രോയ്ക്ക് ഒരു വര്‍ഷം വിലക്ക്, മലയാളി താരം ജോബി ജസ്റ്റിന് ആറ് മത്സരങ്ങളില്‍ വിലക്ക്
Football
അച്ചടക്കനടപടി: ഗോകുലം എഫ്.സി താരം ഗില്ലെര്‍മെ കാസ്ട്രോയ്ക്ക് ഒരു വര്‍ഷം വിലക്ക്, മലയാളി താരം ജോബി ജസ്റ്റിന് ആറ് മത്സരങ്ങളില്‍ വിലക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th March 2019, 7:27 pm

കൊല്‍ക്കത്ത: കളിക്കിടെ അപമര്യാദയായി പെരുമാറിയതിന് ഗോകുലം എഫ്.സി താരം ഗില്ലെര്‍മെ കാസ്ട്രോയ്ക്കും ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിനും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്. ഐസ്‌വാള്‍ താരം കരീം നുറൈയ്‌നും യു.എന്‍ ബാനര്‍ജി അദ്ധ്യക്ഷനായ അച്ചടക്ക സമിതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഗില്ലെര്‍മ കാസ്‌ട്രോയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും 2 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഷില്ലോങ്ങ് ലജോങ്ങിനെതിരായ മത്സരത്തിന്റെ 81ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച കാസ്ട്രോ റഫറിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും റഫറിയുടെ മുഖത്ത് തുപ്പിയെന്നുമുള്ള ആരോപണത്തിലാണ് നടപടി.

ഈസ്റ്റ് ബംഗാള്‍ ഐസ്വാള്‍ മത്സരത്തിനിടെ ജസ്റ്റിനും നുറൈയ്‌നും തമ്മില്‍ കയ്യങ്കാളിയുണ്ടായിരുന്നു. മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയ നുറൈന്‍ പുറത്തായിരുന്നു. എന്നാല്‍ ജസ്റ്റിന്‍ നുറൈനെ തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ ഐസ്വാള്‍ അച്ചടക്ക സമിതിയ്ക്ക് കൈമാറുകയായിരുന്നു.

ജസ്റ്റിന് ആറ് മത്സരങ്ങളിലാണ് വിലക്ക്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നൂറൈനെതിരെയും സമാന ശിക്ഷയാണ് അച്ചടക്ക സമിതി വിധിച്ചിട്ടുള്ളത്.