|

ആ മാപ്പുപറച്ചില്‍ ആഘോഷിക്കേണ്ട ഒന്നല്ലെന്ന് അറിയാം ; വേടന്റെ പോസ്റ്റ് ലൈക്ക് അടിച്ചതില്‍ ക്ഷമ ചോദിച്ച് പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളം റാപ്പര്‍ വേടന്റെ മാപ്പ് പറച്ചില്‍ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ ലൈക്കടിച്ചതില്‍ ക്ഷമ ചോദിച്ച് നടി പാര്‍വതി. തന്റെ നടപടി അതിജീവിച്ചവരെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും പാര്‍വതി പറഞ്ഞു.

പൊതുവെ ആണുങ്ങള്‍ തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കാറില്ല എന്ന ചിന്തയോടെയാണ് താന്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതെന്നും അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും പാര്‍വതി വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് താന്‍ വിശ്വസിക്കുന്നെന്നും പാര്‍വതി പറഞ്ഞു.

വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ തന്റെ ‘ലൈക്ക്’ നീക്കം ചെയ്‌തെന്നും പാര്‍വതി പറഞ്ഞു.

താന്‍ തിരുത്തുന്നു. എങ്ങനെ ക്ഷമിക്കണമെന്നും എങ്ങിനെ അതിജീവിക്കണമെന്നും എല്ലായ്‌പ്പോഴും അതിജീവിക്കുന്നയാളുടെ അവകാശമാണ്, താന്‍ എന്നും അവരുടെ കൂടെ നില്‍ക്കുമെന്നും പാര്‍വതി പറഞ്ഞു.

സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞുകൊണ്ടുള്ള വേടന്റെ (ഹിരണ്‍ ദാസ് മുരളി) പോസ്റ്റില്‍ ലൈക്ക് അടിച്ചതില്‍ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്ത്രീപക്ഷവാദ രാഷ്ട്രീയം ഏറ്റവും നന്നായി അറിയാവുന്ന ഒരു വ്യക്തി തന്നെ ഇത്തരമൊരു പോസ്റ്റില്‍ ലൈക്ക് അടിച്ചെന്നാണ് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വേടന്റെ പോസ്റ്റില്‍ ചെയ്ത ലൈക്ക് പാര്‍വതി പിന്‍വലിച്ചു. ഡബ്ല്യു.സി.സി. അടക്കമുള്ള സ്ത്രീ സംഘടനകളുമായി നിരന്തരം ഇടപെടുന്ന പാര്‍വതി ഇത്തരമൊരു പോസ്റ്റില്‍ ലൈക്ക് അടിച്ചത് ശരിയായില്ലെന്നും വിമര്‍ശനം ഉയരുന്നിരുന്നു.

അതേസമയം ഒരു ലൈക്കിന്റെ പേരില്‍ പാര്‍വതിയെ വിമര്‍ശിക്കരുതെന്നും നിരവധി തവണ അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും പാര്‍വതിയെ പിന്തുണച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് വേടന്‍ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. ‘എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്.ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്നു ഞാന്‍ ഒരുപാട് ഖേദിക്കുന്നു.

എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു,’ എന്നായിരുന്നു വേടന്‍ ഇന്‍സ്റ്റഗ്രാമിലെഴുതിയിരുന്നത്.

സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ ആല്‍ബവുമായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു വേടനെതിരെ മീടൂ ആരോപണമുയര്‍ന്നത്. ഇതോടെ പ്രോജക്ട് നിര്‍ത്തിവെയ്ക്കുന്നതായി പരാരി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മാപ്പപേക്ഷിച്ച് വേടന്‍ രംഗത്തെത്തിയത്.

പാര്‍വതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൂര്‍ണരൂപം,

അതിജീവിച്ചവരോട് ക്ഷമ ചോദിക്കുന്നു.

ആരോപണവിധേയനായ ഗായകന്‍ വേടനെതിരെ ധീരമായി സംസാരിച്ച, അക്രമണം അതിജീവിച്ചവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പൊതുവെ ആണുങ്ങള്‍ തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല എന്ന ചിന്തയോടെയാണ് ഞാന്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോള്‍ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്നിരുന്നാലും, ക്ഷമാപണം ആത്മാര്‍ത്ഥമല്ലെന്ന് അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുറച്ചുപേര്‍ പറഞ്ഞതായി അറിഞ്ഞയുടനെ ഞാന്‍ എന്റെ ‘ലൈക്ക്’ നീക്കം ചെയ്തു.

ഞാന്‍ തിരുത്തുന്നു. എങ്ങനെ ക്ഷമിക്കണമെന്നും എങ്ങിനെ അതിജീവിക്കണമെന്നും എല്ലായ്‌പ്പോഴും അതിജീവിക്കുന്നയാളുടെ അവകാശമാണ്, ഞാന്‍ എല്ലായ്‌പ്പോഴും അവരുടെ കൂടെ നില്‍ക്കും.

നിങ്ങള്‍ എന്റെ പ്രവര്‍ത്തി നിരാശപ്പെടുത്തിയെന്ന് തോന്നിയാല്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

I know that apology is not something to be celebrated; Parvathy apologizes for Like the Vedan’s post