|

"അവന്‍ എവിടെ എറിയുമെന്ന് എനിക്കറിയാം"; ശിവം മാവിയുടെ ആദ്യ ഓവറില്‍ എല്ലാ പന്തിലും ഫോര്‍ നേടിയതിനെക്കുറിച്ച് പൃഥ്വി ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ആദ്യ ഓവറിലെ ആറ് പന്തും ഫോര്‍ നേടിയതിനെക്കുറിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ. ശിവം മാവി എവിടെയാണ് പന്ത് എറിയാന്‍ പോകുന്നതെന്ന് തനിക്ക് ധാരണയുണ്ടായിരുന്നെന്ന് പൃഥ്വി ഷാ പറഞ്ഞു.

‘സത്യമായിട്ടും ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ ലൂസ് ബോളിനായി കാത്തിരിക്കുകയായിരുന്നു. ശിവം എവിടെയാണ് എറിയുക എന്നെനിക്കറിയാമായിരുന്നു. നാലഞ്ച് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നുണ്ട്,’ പൃഥ്വി ഷാ പറഞ്ഞു.

തന്റെ സ്‌കോറിനേക്കാളുപരി ടീമിന് റണ്‍സ് കണ്ടെത്തുക എന്നതിലാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും പൃഥ്വി പറഞ്ഞു.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 21 പന്ത് ശേഷിക്കെ വിജയിച്ചു.

41 പന്തില്‍ 11 ഫോറും മൂന്നു സിക്സും സഹിതം 82 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.

ഓപ്പണിങ് വിക്കറ്റില്‍ ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹി ഇന്നിംഗ്സിന് അടിത്തറ പാകി.

ധവാന്‍ നാലു ഫോറും ഒരു സിക്സും സഹിതം 47 പന്തില്‍ 46 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. 27 പന്തില്‍ 45 റണ്‍സുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ 38 പന്തില്‍ 43 റണ്‍സെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: I knew where he will bowl to me Prithvi Shaw Shivam Mavi