'എനിക്കിത് മുന്‍പേ അറിയാമായിരുന്നു': ബുദ്ധ സന്യാസികളുടെ ലൈംഗികാതിക്രമം പുതിയ സംഭവമല്ലെന്ന് ദലൈ ലാമ
world
'എനിക്കിത് മുന്‍പേ അറിയാമായിരുന്നു': ബുദ്ധ സന്യാസികളുടെ ലൈംഗികാതിക്രമം പുതിയ സംഭവമല്ലെന്ന് ദലൈ ലാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th September 2018, 9:51 am

ഹേഗ്: ബുദ്ധ സന്യാസികള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ പുതിയ കാര്യമല്ലെന്നും, അതിനെക്കുറിച്ച് തനിക്ക് വര്‍ഷങ്ങളായി അറിവുണ്ടായിരുന്നെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുടെ വെളിപ്പെടുത്തല്‍. നാലു ദിവസത്തെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനിടെ, അക്രമങ്ങള്‍ക്ക് ഇരയായവരുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു ലാമ.

യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നെതര്‍ലന്‍ഡിലെത്തുന്ന ലാമയെ നേരില്‍ക്കണ്ടു സംസാരിക്കണമെന്ന ആവശ്യമറിയിച്ച് ബുദ്ധസന്യാസികളുടെ പീഡനത്തിനിരയായവര്‍ പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. ഇതേക്കുറിച്ച് ഡച്ച് പബ്ലിക് ടെലിവിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുദ്ധസന്യാസികള്‍ വിദ്യാര്‍ത്ഥികളോടു നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 1990കള്‍ മുതല്‍ക്കു തന്നെ അറിവുണ്ട്. ഇത്തരം ആരോപണങ്ങള്‍ പുതിയ സംഭവമല്ലെന്നും ലാമ മാധ്യമങ്ങളോടു പറഞ്ഞു. ബുദ്ധസന്യാസി സമൂഹത്തിനകത്തെ ലൈംഗികാരോപണക്കേസുകളെക്കുറിച്ച് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുമുന്നേ തന്നോട് ചിലര്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

 

Also Read: “ഞാന്‍ മന്ത്രിയാണ്, ഇന്ധന വില വര്‍ദ്ധനവ് എന്നെ ബാധിച്ചിട്ടില്ല”: കേന്ദ്രമന്ത്രി അത്താവാലെ; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം

 

“ലൈംഗിക ചൂഷണം നടത്തുന്നവര്‍ ബുദ്ധന്റെ ആശയങ്ങളെ കണക്കിലെടുക്കുന്നില്ല. ഇപ്പോള്‍ എല്ലാം പുറത്തുവന്ന സ്ഥിതിക്ക്, തങ്ങള്‍ക്കുണ്ടായേക്കാവുന്ന അപമാനത്തെക്കരുതിയെങ്കിലും ഇവര്‍ പിന്‍വാങ്ങിയേക്കും.” ലാമ പറയുന്നു.

ടിബറ്റിലെ ആത്മീയനേതാക്കളെല്ലാം നവംബറില്‍ ധരംശാലയില്‍ വച്ച് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും, കൂടിക്കാഴ്ചയില്‍ വിഷയം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യുമെന്നും ലാമ കൂട്ടിച്ചേര്‍ത്തു.