| Saturday, 1st December 2012, 4:41 pm

ഐ.കെ ഗുജ്‌റാളിന് രാഷ്ട്രം വിട നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വെള്ളിയാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളിന് രാഷ്ട്രം അന്ത്യയാത്ര നല്‍കി. വൈകിട്ട് മൂന്നിനാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ജന്‍പഥിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം സ്മൃതി സ്താളിന് സമീപം എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗും രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും ഗുജറാളിന്റെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.[]

സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരും ഐ.കെ ഗുജ്‌റാളിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജന്‍പഥിലെ അദ്ദേഹത്തിന്റെ അഞ്ചാം നമ്പര്‍ വസതിയിലെത്തി. ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍, സോണിയാ ഗാന്ധി,  മുതിര്‍ന്ന ബിജെപി നേതാക്കള്‍ തുടങ്ങിയവരടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായിരുന്ന ഐ.കെ ഗുജ്‌റാള്‍(92) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഗുജ്‌റാളിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്‌ ഐ.കെ.ഗുജ്‌റാള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1942ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ സര്‍ക്കാരില്‍ വിവരസാങ്കേതികവിദ്യാ മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയുടെ സോവിയറ്റ് യൂണിയന്‍ സ്ഥാനപതിയായും ഗുജ്‌റാള്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഗുജ്‌റാള്‍ 1980കളുടെ മധ്യത്തില്‍ ജനതാദളില്‍ ചേര്‍ന്നു. 1989ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ജലന്ധറില്‍ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1989ലെ വി.പി.സിംഗ് മന്ത്രിസഭയില്‍ ഗുജ്‌റാള്‍ വിദേശകാര്യമന്ത്രിയായിരുന്നു. ക്യാബിനറ്റ് മന്ത്രിയെന്ന നിലയില്‍ ഗുജ്‌റാള്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി ഇറാഖ്  കുവൈത്ത് യുദ്ധമായിരുന്നു. 1997 ഏപ്രിലിലാണ് ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി ഐ.കെ ഗുജ്‌റാള്‍ സ്ഥാനമേല്‍ക്കുന്നത്.

1998 മാര്‍ച്ച് വരെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ഗുജ്‌റാള്‍ രാജ്യസഭയില്‍ നിന്നും പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ്.

We use cookies to give you the best possible experience. Learn more