'തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാന്‍ ഇതിരിക്കട്ടെന്ന് മാത്രമാണ് കരുതിയത്'; 'കോടി രൂപ'യുടെ മൂല്യമുള്ള നൂറ് രൂപ നല്‍കിയ കുമ്പളങ്ങിക്കാരി പറയുന്നു
കൊച്ചി: കഴിഞ്ഞ ദിവസമാണ് ചെല്ലാനം ഭാഗത്ത് പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയ ഭക്ഷപൊതിയില്‍ കോടി രൂപയുടെ മൂല്യമുള്ള നൂറ് രൂപ വെച്ച കരുതലിന്റെ വാര്‍ത്തയും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കണ്ണമാലി സി.ഐ. ഷിജുവായിരുന്നു ഇതിനെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യന്‍ ആയിരുന്നു പൊതിച്ചോറില്‍ പ്ലാസ്റ്റികില്‍ പൊതിഞ്ഞ നൂറ് രൂപ വെച്ചത്.
ഒരു പഴം കൊടുത്താല്‍പ്പോലും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ പൊതിച്ചോറില്‍ 100 രൂപ കരുതിയ മനസ്സിനുമുന്നില്‍ നമിക്കുന്നു എന്നായിരുന്നു ഷിജുവിന്റെ പോസ്റ്റ്.
സി.ഐയുടെ പോസ്റ്റ് വൈറലായതിന് ശേഷമാണ് കുമ്പളങ്ങിക്കാരി മേരിയാണ് ചോറിനൊപ്പം നൂറ് രൂപയുടെ പൊതിവെച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നേരിട്ടെത്തി മേരിയെ ആദരിക്കുകയും ചെയ്തു.
‘തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാന്‍ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്. ‘ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സി.ഐ സാറ് വന്നു സമ്മാനം നല്‍കിയെന്നാണ് മേരി പറയുന്നത്.
കുമ്പളങ്ങിയില്‍ കാറ്ററിങ് സ്ഥാപനത്തിലായിരുന്നു മേരിക്ക് ജോലി. ഭര്‍ത്താവ് സെബാസ്റ്റ്യന് വഞ്ചിനിര്‍മാണമാണ് പണി. എന്നാല്‍ ലോക്ഡൗണ്‍ തുടങ്ങിയശേഷം രണ്ടുപേര്‍ക്കും പണിയുണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞയാഴ്ച തൊഴിലുറപ്പില്‍ മേരിക്ക് ഏതാനും ദിവസം മാത്രം പണികിട്ടി. അതില്‍നിന്നു കിട്ടിയ പണത്തില്‍ നിന്ന് മിച്ചം വെച്ചാണ് പൊതിച്ചോറില്‍ പണം വെച്ചത്.
കടല്‍ കയറി നില്‍ക്കുമ്പോള്‍ തങ്ങളെല്ലാം ഇത് അനുഭവിക്കുന്നതാണെന്നും ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാല്‍ അവര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ ഞങ്ങള്‍ കുമ്പളങ്ങിക്കാര്‍ ഉള്ളതില്‍ ഒരു പങ്ക് വരുന്നവര്‍ക്കും കൊടുക്കും. അത് ഭക്ഷണമായാലുമെന്നുമാണ് മേരി മാധ്യമങ്ങളോട് പറഞ്ഞത്.