| Tuesday, 8th November 2022, 9:34 am

എനിക്ക് ഇന്ന് വരെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അഞ്ച് പൈസ കിട്ടിയിട്ടില്ല, ഇനി അത് പഠിക്കണം: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്‍സ്റ്റഗ്രാം റീല്‍സിനെ പറ്റിയുള്ള ശ്വേത മേനോന്റെ രസകരമായ മറുപടി ശ്രദ്ധ നേടുകയാണ്. റീല്‍സില്‍ നിന്നും വരുമാനം ലഭിക്കുമെന്ന് നിത്യ ദാസ് പറയുമ്പോള്‍ തനിക്ക് ഇന്നേ വരെ അഞ്ച് പൈസ കിട്ടിയിട്ടില്ലെന്നാണ് ശ്വേത പറഞ്ഞത്.

പള്ളിമണി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് തന്റെ ഇന്‍സ്റ്റഗ്രാം വിശേഷങ്ങള്‍ നിത്യ ദാസ് പങ്കുവെച്ചത്.

‘എനിക്ക് വെറും 30 ഫോളോവേഴ്‌സായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴാണ് ഇന്‍സ്റ്റ ഓപ്പണ്‍ ചെയ്ത് പബ്ലിക്കാക്കിയത്. ഒരു റീലിട്ട്, അത് വണ്‍ മില്യണ്‍ അടിച്ചപ്പോള്‍ ഇത് കൊള്ളാല്ലോ എന്ന് തോന്നി. അങ്ങനെ ഇടാന്‍ തുടങ്ങിയതാണ്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ചെയ്യുന്നത് വെറുതേയല്ല. അതിലൂടെ പരസ്യം ചെയ്യുന്നുണ്ട്, പൈസ ഉണ്ടാക്കുന്നുണ്ട്. ഞാന്‍ നെസ്‌ലേയുടെ ആഡ് ചെയ്തു. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്താല്‍ അവര്‍ നല്ല എമൗണ്ട് തരും. അത്രയേ ഉള്ളൂ,’ നിത്യ പറഞ്ഞു.

നിത്യ പറയുന്നത് കേട്ട് ഒപ്പമുണ്ടായിരുന്ന ശ്വേത മേനോന്‍ അമ്പരുക്കുന്നുണ്ട്. ഇക്കാര്യം അറിയില്ലേ എന്ന് നിത്യ ചോദിച്ചപ്പോഴാണ് തനിക്ക് അറിയില്ലെന്ന് ശ്വേത പറഞ്ഞത്. എനിക്ക് ഇന്ന് വരെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അഞ്ച് പൈസ കിട്ടിയിട്ടില്ല. ഇനി അത് പഠിക്കണം, ശ്വേത പറഞ്ഞത് കേട്ട് നിത്യയും ഒപ്പമുള്ളവരും ചിരിച്ചു.

തന്റെ തിരിച്ചുവരവിന് പറ്റിയ കഥാപാത്രമാണ് പള്ളിമണിയിലേത് എന്നാണ് തോന്നിയതെന്നും നിത്യ ദാസ് പറഞ്ഞു. ’15 വര്‍ഷത്തിന് ശേഷം ചെയ്യുന്ന സിനിമയാണ് പള്ളിമണി. 15 വര്‍ഷത്തിന് ശേഷം ഒരു സെന്‍ട്രല്‍ ക്യാരക്ടര്‍ കിട്ടുന്നത് ഭാഗ്യമാണ്. കുറെക്കാലത്തിന് ശേഷമാണ് തിരിച്ച് വരുന്നത്. അതുകൊണ്ട് എല്ലാം പുതുമയുള്ളതാണ്. എല്ലാവരുടെയും സഹകരണമില്ലായിരുന്നെങ്കില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നു. എന്നാല്‍ പണ്ട് ലഭിച്ചിരുന്ന കംഫര്‍ട്ട് ഫീല്‍ എല്ലാവരും തന്നു.

മുമ്പ് അവസരങ്ങള്‍ വന്നിരുന്നെങ്കിലും അത്ര നല്ല കഥാപാത്രങ്ങളായിരുന്നില്ല. സണ്‍ ടി.വിയില്‍ വര്‍ക്ക് ചെയ്തിരുന്ന സമയത്താണ് അനിലേട്ടന്‍ ഈ സ്‌ക്രിപ്റ്റുമായി വരുന്നത്. നല്ല തിരിച്ചുവരവ് തരുന്ന കഥാപാത്രമായതുകൊണ്ടാണ് ഈ സിനിമ ചെയ്തത്,’ നിത്യ കൂട്ടിച്ചേര്‍ത്തു.

സൈക്കോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന പള്ളിമണി അനില്‍ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത്. കൈലാഷ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: I haven’t received any money from Instagram till today, says Shweta and Nitya laughs

We use cookies to give you the best possible experience. Learn more