ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ ഒരു ഇടവേളക്ക് ശേഷം മികവോടെ കളിച്ചു തുടങ്ങിയിരിക്കുകയാണ് മെസി. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോളോസിനെതിരെയുള്ള മത്സരം പി.എസ്.ജി വിജയിച്ചത്.
അഷ്റഫ് ഹക്കിമി, മെസി എന്നിവരാണ് പി. എസ്.ജിയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.
നെയ്മറും എംബാപ്പെയും പരിക്കിന്റെ പിടിയിൽ അകപ്പെട്ടത് കാരണം മത്സരിക്കാൻ സാധിക്കാതിരുന്ന കളിയിൽ ടീമിനെ വിജയത്തിലേക്കെത്തിക്കാൻ സാധിച്ചതിൽ മെസിക്ക് വലിയ അഭിനന്ദനം ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്.
എന്നാൽ മെസിക്ക് കളിക്കളത്തിൽ പരമാവധി സ്വാതന്ത്ര്യം ഉറപ്പാക്കാനും അതിനായി ടീമംഗങ്ങൾ മെസിക്ക് വേണ്ടി കളിക്കാനും താൻ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പി.എസ്.ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ.
മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് ഗാൾട്ടിയർ മെസിക്കായി ടീമിൽ താൻ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ചത്.
“മെസി ഞങ്ങളുടെ ടീമിന്റെ പ്രധാനപ്പെട്ട എഞ്ചിനാണ്. അദ്ദേഹം നേടുന്ന ഗോളും ഗോളവസരങ്ങളും അതിന് ഉദാഹരണങ്ങളാണ്. ഞാൻ ക്ലബ്ബിനോട് മെസിക്ക് വേണ്ടി കളിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മെസിക്ക് നന്നായി കളിക്കാനുള്ള അവസരം ഒരുക്കികൊടുക്കാൻ ടീമംഗങ്ങളോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്,’ ഗാൾട്ടിയർ പറഞ്ഞു.
“മെസിക്ക് കൃത്യമായി പാസുകൾ നൽകാനും അവസരങ്ങൾ സൃഷ്‌ടിക്കാനും ടീമംഗങ്ങൾ നന്നായി ശ്രമിക്കുന്നുണ്ട്. അതിനാൽ തന്നെ മെസിക്ക് മികവോടെ കളിക്കാനും സാധിക്കുന്നുണ്ട്. പുതിയ കാല ഫുട്ബോളിൽ ഇത്തരം സംഭവങ്ങൾ അപൂർവമാണ്,’ ഗാൾട്ടിയർ കൂട്ടിച്ചേർത്തു.
അതേസമയം മെസി പി.എസ്.ജിയുമായുള്ള കരാർ നീട്ടാൻ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾ ഇ.എസ്.പി.എൻ പുറത്ത് വിട്ടിട്ടുണ്ട്.
ക്ലബ്ബിൽ നിന്നും മെസിക്ക് ലഭിക്കുന്ന പരിഗണനയും മാനേജ്മെന്റിൽ നിന്നും ലഭിക്കുന്ന ബഹുമാനവുമാണ് ക്ലബ്ബിൽ തുടരാൻ മെസിയെ പ്രേരിപ്പിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
22 മത്സരങ്ങളിൽ നിന്നും 17 വിജയം ഉൾപ്പെടെ 54 പോയിന്റുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി ഒമ്പതിന് ഫ്രഞ്ച് കപ്പിൽ ചിര വൈരികളായ മാഴ്സലെക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: I have told the PSG team to play for Messi; said Christophe Galtier