വീട്ടിൽ ചെന്നിട്ട് വേണം എന്റെ ടെക്നിക്ക് ഉപയോഗിച്ച് റൊണാൾഡോ ഗോളടിച്ച കഥ മക്കളോട് പറയാൻ; അൽ നസർ പരിശീലകൻ
football news
വീട്ടിൽ ചെന്നിട്ട് വേണം എന്റെ ടെക്നിക്ക് ഉപയോഗിച്ച് റൊണാൾഡോ ഗോളടിച്ച കഥ മക്കളോട് പറയാൻ; അൽ നസർ പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th January 2023, 4:21 pm

ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസർ ടീമിലെത്തിച്ചത്.

ഏകദേശം 225 മില്യൺ യൂറോയാണ് പ്രോ ലീഗ് ക്ലബ്ബിൽ റോണോയുടെ പ്രതിവർഷ പ്രതിഫലം.

പ്ലെയർ എന്ന നിലയിൽ റൊണാൾഡോയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചാൽ പരിശീലകനായി താരത്തിന് ടീമിൽ തുടരാം എന്നും കരാർ വ്യവസ്ഥയുണ്ട്.

എന്നാലിപ്പോൾ റൊണാൾഡോയെ പരിശീലിപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അൽ നസർ സഹ പരിശീലകനായ സ്റ്റീഫൻ ജൊബാർഡ്.

റൊണാൾഡോയുടെ വരവ് ക്ലബ്ബിൽ പോസിറ്റീവായ പല മാറ്റങ്ങൾക്കും വഴി വെച്ചുവെന്നും, അഞ്ച് തവണ ബാലൻ ഡി ഓറും ചാമ്പ്യൻസ് ലീഗും യൂറോ കപ്പുമടക്കം നേടിയ റൊണാൾഡോയുമായുള്ള പരിശീലക സെക്ഷനുകൾ വളരെ മികച്ച അനുഭവമാണ് തനിക്ക് നൽകിയതെന്നുമാണ് സ്റ്റീഫൻ ജൊബാർഡ് പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

“ട്രെയിനിങ് സെക്ഷനിൽ റൊണാൾഡോ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അദ്ദേഹം പരിശീലനത്തിനിടയിൽ ഒരു പിഴവ് വരുത്തി. ഞാൻ അത് ചൂണ്ടിക്കാട്ടുകയും പരിഹാര മാർഗം നിർദേശിക്കുകയും ചെയ്തപ്പോൾ വളരെ പോസറ്റീവായി അദ്ദേഹം എന്നെ അഭിനന്ദിക്കുകയും തന്റെ തെറ്റ് തിരുത്തുകയും ചെയ്തു,’ സ്റ്റീഫൻ ജൊബാർഡ് പറഞ്ഞു.

“ട്രെയിനിങിനിടയിൽ ഞാൻ റൊണാൾഡോക്ക് ഒരു പാസ് നൽകുകയും അത് ഗോളാക്കാനുള്ള ഒരു വഴി നിർദേശിക്കുകയും ചെയ്തു. അദ്ദേഹം എന്റെ ടെക്നിക്കിലൂടെ ആ പാസ് ഗോളാക്കി മാറ്റി. എന്റെ മക്കളോട് വീട്ടിൽ ചെന്നിട്ട് ഇക്കാര്യം പറയാൻ വീർപ്പുമുട്ടി നിൽക്കുകയാണ് ഞാൻ,’ സ്റ്റീഫൻ ജൊബാർഡ് പറഞ്ഞു

എന്നാൽ അൽ നസറിൽ ചേർന്നെങ്കിലും താരം ഇതുവരെ ക്ലബ്ബിനായി മത്സരിക്കാനിറങ്ങിയിട്ടില്ല. ജനുവരി 19ന് പി. എസ്.ജിയുമായുള്ള സന്നാഹ മത്സരത്തിലാകും താരം അൽ നസറിനായി മൈതാനത്തിറങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ. എന്നാൽ ഇത് വരേക്കും വാർത്ത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

 

Content Highlights:I have to go home and tell my children the story of Ronaldo scoring a goal using my technique; Al Nassr coach