ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ തോൽവികളിലൂടെ മുന്നോട്ട് പോവുകയാണ് ചെൽസി. കഴിഞ്ഞ വർഷത്തെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ചെൽസിക്ക്, എന്നാൽ ഈ സീസണിൽ തുടരെ പരാജയമേറ്റുവാങ്ങാനായിരുന്നു വിധി.
നിലവിൽ 24 മത്സരങ്ങളിൽ നിന്നും എട്ട് വിജയങ്ങളോടെ 31 പോയിന്റുമായി ലീഗ് ടേബിളിൽ പത്താം സ്ഥാനത്തുള്ള ക്ലബ്ബ് റെലിഗേഷൻ ഭീഷണിയിൽ നിന്നും കഷ്ടിച്ച് പത്ത് പോയിന്റിനാണ് രക്ഷപ്പെട്ട് നിൽക്കുന്നത്.
കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം സ്വന്തമാക്കിയ ക്ലബ്ബിനെതിരെ ആരാധകരും വലിയ രോഷത്തിലും പ്രതിഷേധത്തിലുമാണ്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വൻ തോതിൽ താരങ്ങളെ വാങ്ങിക്കൂട്ടാൻ സാധിച്ചിരുന്നെങ്കിലും മത്സരഫലത്തിൽ കാര്യമായ ഒരു വ്യത്യാസവും വരുത്താൻ ക്ലബ്ബിന് സാധിച്ചിരുന്നില്ല.
എന്നാലിപ്പോൾ ചെൽസിക്ക് പ്രീമിയർ ലീഗിൽ തങ്ങളുടെ ആധിപത്യം തെളിയിക്കാൻ ഇനിയും സമയമുണ്ടെന്നും തനിക്ക് ക്ലബ്ബിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നെല്ലാം അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ചെൽസി പ്രതിരോധ നിര താരമായ കൗലീബാലി.
നപ്പോളിയിൽ നിന്നും തങ്ങളുടെ പ്രതിരോധക്കോട്ടക്ക് മൂർച്ച കൂട്ടാനാണ് കൗലീബാലിയെ ചെൽസി തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചത്. എന്നാൽ ക്ലബ്ബിൽ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാൻ താരത്തിനായിട്ടില്ല.
സണ്ണിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നും, പ്രീമിയർ ലീഗിൽ ഇനിയും മികച്ച പ്രകടനം നടത്താൻ ചെൽസിക്കാകുമെന്നും കൗലീബാലി അഭിപ്രായപ്പെട്ടത്.
‘ഇത് അത്ര മോശം സീസണൊന്നുമല്ല. പക്ഷെ എനിക്ക് ക്ലബ്ബുമായി ഇണങ്ങിച്ചേരാനും കൂടുതൽ മികവോടെ കളിക്കാനും സമയം ആവശ്യമാണ്. ചെൽസിയിലേക്ക് വരുമ്പോൾ തന്നെ ഇവിടെ കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല എന്നെനിക്ക് ധാരണയുണ്ടായിരുന്നു. എനിക്ക് മൂന്ന് വർഷത്തെ കരാറാണ് ക്ലബ്ബിലുള്ളത്.
അതിനാൽ തന്നെ മികവ് പ്രകടിപ്പിക്കാൻ ഇനിയും സമയമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ കൗലീബാലി പറഞ്ഞു.
കൂടാതെ ലീഗിൽ ഉയർന്ന് വരാൻ ക്ലബ്ബിന് ഇനിയും സാധ്യതയുണ്ടെന്നും കൗലീബാലി കൂട്ടിച്ചേർത്തു.
അതേസമയം ചാമ്പ്യൻസ് ലീഗിൽ അടക്കം തോൽവി വഴങ്ങിയ ക്ലബ്ബിന് താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചാൽ മാത്രമേ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഇനി സാധ്യതകൾ വെച്ച് പുലർത്താൻ സാധിക്കുകയുള്ളൂ.