തടവറയിൽ എല്ലും തോലുമായി ഫലസ്തീനി ബോഡി ബിൽഡർ; ഇസ്രഈൽ ക്രൂരത
Worldnews
തടവറയിൽ എല്ലും തോലുമായി ഫലസ്തീനി ബോഡി ബിൽഡർ; ഇസ്രഈൽ ക്രൂരത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 10:26 am

ഗസ: ‘എന്റെ ഉള്ളിൽ ഒരു തടവറയുണ്ട്, എന്റെ ആത്മവിശ്വാസമെല്ലാം ചോർന്ന് പോയിരിക്കുന്നു’ ഒമ്പത് മാസത്തോളം ഇസ്രഈലി തടങ്കലിൽ കഴിഞ്ഞ ഫലസ്തീനി യുവാവായ മുഅസാസ് അബയാത്ത് ആശുപത്രി കിടക്കയിൽ നിന്ന് പറഞ്ഞതാണിത്.

കഴിഞ്ഞ വർഷം അവസാനമായിരുന്നു ഇസ്രഈൽ സൈന്യം അബായത്തിനെ അറസ്റ്റ് ചെയ്തത്. ഗസയിലെ ഇസ്രഈൽ ആക്രമണത്തിന്റെ മറ്റൊരു ഭീകരവും ഭയാനകവുമായ മുഖമാണ് മുഅസാസ് അബായത്തിലൂടെ ലോകത്തിന് കാണാൻ സാധിക്കുക.

ഇസ്രഈലി സൈന്യം അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വളരെയധികം ആത്മവിശ്വാസം ഉള്ള വ്യക്തിയായിരുന്നു അബയാത്ത്. അമേച്വർ ബോഡി ബിൽഡറായ അദ്ദേഹത്തിന് 109 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് മാസത്തെ ഇസ്രഈൽ ജയിൽ വാസം അദ്ദേഹത്തിന്റെ ആരോഗ്യം പാടെ തകർത്തു കളഞ്ഞു. അബായത്തിന്റെ ശരീര ഭാരം പകുതിയിലേറെയായി കുറഞ്ഞു.

ഇസ്രഈലി സൈനികർ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ അബായത്തിനെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല. കുറ്റം ഒന്നും ചുമത്താതെ തന്നെ പ്രാദേശിക സൈനിക മേധാവിയുടെ ഉത്തരവ് പ്രകാരം അദ്ദേഹത്തെ തടങ്കലിൽ വയ്ക്കുകയായിരുന്നു.

മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ അബായത്ത്. അദ്ദേഹത്തിന്റെ വലതുകൈ ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. അബായതിനെ പോലെ തന്നെ ശരീരത്തിന്റെ ശേഷി നഷ്ടപ്പെട്ട ഇസ്രഈൽ ജയിലുകളിൽ കഴിയുന്നത് നിരവധി പേരാണ്.

ജയിലിൽ കഴിയുന്ന 9000 ആളുകളിൽ 3500 ആളുകളും അബായത്തിനെ പോലെ കുറ്റം ചുമത്തപ്പെടാതെ കിടക്കുന്നവരാണ്. മിക്കവാറും ഇദ്ദേഹത്തെപോലെ വെസ്റ്റ് ബാങ്കിൽ നിന്നുള്ളവരാണ്. ഇസ്രഈൽ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹാമോക്ഡ് പുറത്ത് വിട്ട കണക്കുകളാണിവ.

ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിന് ശേഷം തടങ്കലിൽ ആക്കപ്പെട്ടവരുണ്ടേ എണ്ണവും വർധിച്ചെന്ന് ഹാമോക്ഡ് പറഞ്ഞു.

ജയിലിൽ താമസിച്ചിരുന്ന സമയത്തുടനീളം സൈനികർ തന്നെ മർദിക്കുകയും അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നെന്നും അബയാത്ത് പറഞ്ഞു. തനിക്ക് വെള്ളം പോലും ലഭിക്കാതിരുന്ന അവസ്ഥയുണ്ടായിരുന്നെന്നും അദ്ദേഹം അദ്ദേഹം മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

തൻ്റെ കേസ് വളരെ സാധാരണമായ ഒന്നാണെന്നും മറ്റെല്ലാ ഫലസ്തീൻ തടവുകാരും സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റ് ഐ ആണ് അബായത്തിന്റെ അഭിമുഖം ആദ്യമായി എടുക്കുന്നത്. ആദ്യമായി അബായത്തിനെ കാണുമ്പോൾ എല്ലും തോലും മാത്രമായിരുന്നു ആ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

ജയിലിൽ കഴിയവേ ദിവസവും നിരവധി ആളുകളാൽ അബായത്ത് ആക്രമിക്കപ്പെട്ടിരുന്നു. ‘എനിക്ക് എന്റെ മനസ് ജയിലിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഞാൻ ഇപ്പോഴും ആ ജയിലിൽ തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.

‘ഞാൻ ഒരു കൊലപാതകിയയാണെന്ന് അവർ പറഞ്ഞു. ആരെയാണ് കൊന്നതെന്ന് ഞാൻ തിരിച്ചവരോട് ചോദിച്ചു. ഭാര്യയോടും മക്കളോടുമൊപ്പം സമാധാനപരമായി ജീവിച്ചിരുന്ന എന്റെ അവർ വീട്ടിൽ അതിക്രമിച്ച് കയറുകയും എന്നെ അവർ കൊലപാതകിയാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അറസ്റ്റ് ചെയ്യപ്പെട്ട നാളുകളിൽ സംഭവിച്ചതൊന്നും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈനികർ തന്നെ അറസ്റ്റ് ചെയ്ത അടുത്തുള്ള ഇസ്രഈലി സെറ്റില്മെന്റായ ഗുഷ് എറ്റ്സിയണിലെ സൈനിക അന്വേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ അവർ ഇരുമ്പ് ചങ്ങലകൊണ്ട് തന്നെ കെട്ടിയിട്ടെന്നും തന്റെ കണ്ണുകൾ മൂടി വിവസ്ത്രനാക്കിയെന്നും അദ്ദേഹം പറഞ്ഞു.

 

‘ അവർ എന്നെ നഗ്നനാക്കി ശേഷം എന്നെ അടിക്കുകയും എന്റെ ഇടതുകണ്ണിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ബോധം പോകുന്നത് വരെ അവർ എന്നെ ആക്രമിച്ചുകൊണ്ടേയിരുന്നു,’ അദ്ദേഹം പറഞ്ഞു

തുടർന്നുള്ള ആഴ്ചകളിൽ, സൈന്യം അബായത്തിനെ മറ്റ് തടവറകളിലേക്ക് മാറ്റി , ഓരോ തടവറയിലെ അദ്ദേഹം കൂടുതൽ മർദനങ്ങൾക്ക് വിധേയനായി. താൻ അക്രമണത്തിനിരയായതിന് ഒരു കാരണമേ അഭയത്തിന് പറയാനുണ്ടായിരുന്നുള്ളു. ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിനെതിരെയുള്ള ഇസ്രാഈലിന്റെ പ്രതികാരമായിരുന്നു ആ കാരണം.

തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം അബയാത്ത് ഓർക്കുന്നതിങ്ങനെയാണ്.

‘എനിക്ക് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വന്നത് നെഗോവ് ജയിലിൽ ആണ്. എന്നെ ഒരു കസേരയിലിരുത്തി അവർ എന്റെ കണ്ണുകൾ മൂടിക്കെട്ടി. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചു. തുടർന്ന് ഒരു ഇസ്രഈലി ഉദ്യോഗസ്ഥൻ നിങ്ങൾ ആരുടെ പക്ഷത്താണെന്ന് ചോദിച്ചു. ഞാൻ ആരുടേയും പക്ഷത്തല്ലെന്നും ഒരു ഫലസ്തീൻ നിവാസി മാത്രമാണെന്നും പറഞ്ഞു. എന്റെ ഗർഭിണിയായ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കൂടെ വീട്ടിൽ ഇരിക്കുമ്പോളാണ് നിങ്ങളെന്നെ പിടിച്ചുകൊണ്ടുവന്നതെന്നും ഞാൻ പറഞ്ഞു. തുടർന്ന് അവർ എന്നെ ആക്രമിക്കാൻ തുടങ്ങി. എന്റെ കൈകാലുകൾ അവർ തകർത്തു,’ അദ്ദേഹം പറഞ്ഞു

നെഗേവ് ജയിലിലെ ജീവിതമായിരുന്നു ഏറ്റവും ദുരിതപൂർണ്ണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബറിലെ തണുത്തുറഞ്ഞ കാലാവസ്ഥയിലായിരുന്നു അവിടെ ജീവിച്ചത് അതും ഒരു ഷർട്ടും ട്രൗസറും മാത്രമായിരുന്നു തങ്ങൾക്ക് അനുവദിച്ചിരുന്ന വേഷമെന്നും അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടിൽ സംരക്ഷണമോ നിയമപരമായ പ്രാതിനിധ്യമോ അന്താരാഷ്ട്ര രോഷമോ കൂടാതെ, ആളുകളെ പട്ടിണിക്കിടാനും പീഡിപ്പിക്കാനും കൊല്ലാനും കഴിയുമെന്ന് അബായത്ത് പറഞ്ഞു.

പലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ പ്രസിഡൻ്റ് അബ്ദുല്ല അൽ-സഗാരിയുടെ അഭിപ്രായത്തിൽ, റെഡ് ക്രോസ് ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾക്ക് ഇസ്രായേലി ജയിലുകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. അതിനാൽ തന്നെ തടവുകാരുടെ അവസ്ഥയെക്കുറിച്ച് പുറംലോകം അറിയില്ല.

 

 

Content Highlight: I have the prison inside me’: The emaciated Palestinian bodybuilder broken by Israel