| Wednesday, 27th March 2024, 12:35 pm

ഇതുവരെ കണ്ട അപ്പുവായിരുന്നില്ല 'വര്‍ഷങ്ങള്‍ക്ക് ശേഷം' സെറ്റില്‍ എത്തിയത്, അവന്‍ ഞെട്ടിച്ചു: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഏപ്രില്‍ 11 നാണ് സിനിമ റിലീസിനെത്തുന്നത്. ഹൃദയത്തിന് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹൃദയത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ പ്രണവില്‍ കണ്ട മാറ്റത്തെ കുറിച്ചും അദ്ദേഹത്തിലെ നടനെ കുറിച്ചുമൊക്കെ ലീഫി സ്റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിനീത്.

ഹൃദയത്തില്‍ നിന്ന് വ്യത്യസ്തമായി പ്രണവില്‍ കണ്ട മാറ്റം എന്തായിരുന്നു എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

‘ ഏറ്റവും കൂടുതല്‍ വ്യത്യാസം തോന്നിയത് അപ്പുവിലാണ്. ഹൃദയത്തിന് ശേഷം അപ്പു സിനിമകളൊന്നും ചെയ്തിട്ടില്ലല്ലോ. അവന്‍ വന്ന് കഴിഞ്ഞപ്പോള്‍ മാത്രമാണ് ചില വ്യത്യാസങ്ങള്‍ തോന്നിയത്. ഇപ്പോള്‍ എനിക്ക് അപ്പൂവിനെ കുറച്ചുകൂടി മനസിലാകുന്നുണ്ട്. ഹൃദയത്തിന്റെ സമയത്ത് ഞാന്‍ അവനെ ഫിഗര്‍ ഔട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അന്ന് അവന് ടെന്‍ഷനാണോ എക്‌സൈറ്റ്‌മെന്റാണോ എന്നൊന്നും മനസിലായിരുന്നില്ല.

എന്നാല്‍ ഇത്തവണ എത്തിയപ്പോള്‍ അപ്പു എന്റെയടുത്ത് മാത്രമല്ല ക്രൂവിലുള്ള എല്ലാരോടും സംസാരിക്കാന്‍ തുടങ്ങി. അവന്റെ ഉള്ളില്‍ എന്താണ് നടക്കുന്നത് എന്ന് നമുക്ക് മനസിലാവാന്‍ തുടങ്ങി. അവന് ഏതെങ്കിലും സീന്‍ ചെയ്യുമ്പോള്‍ സംശയമുണ്ടെങ്കില്‍ തുറന്ന് ചോദിക്കാന്‍ തുടങ്ങി.

അവനില്‍ ഒരു ട്രസ്റ്റ് ഫോം ചെയ്ത് വന്നിട്ടുണ്ടെന്ന് അപ്പോള്‍ എനിക്ക് തോന്നി. പക്ഷേ ഡബ്ബിന് വന്നപ്പോഴാണ് ഞാന്‍ ഭയങ്കരമായി ഞെട്ടിപ്പോയത്. ഞാന്‍ ഒരു എട്ട് ദിവസം അപ്പുവിന് വേണ്ടി മാറ്റിവെക്കാമെന്ന് വിചാരിച്ചിടത്ത് നാല് ദിവസം കൊണ്ട് അവന്‍ ഡബ്ബ് ചെയ്തിട്ട് പോയി.

ഹൃദയത്തില്‍ ഒരു പത്ത് ദിവസം വരെ ഡബ്ബിങ് വെച്ചിരുന്നു. തോന്നുന്നിടത്തോളം ചെയ്യും. ചില ദിവസം ഉച്ചയ്ക്ക് നിര്‍ത്തും. ചിലപ്പോള്‍ വൈകുന്നേരം വരെ പോകും. അന്ന് നമുക്ക് എപ്പോള്‍ റിലീസാകുമെന്ന് അറിയില്ലല്ലോ കൊവിഡല്ലേ. ഭയങ്കര ഈസിയായി വര്‍ക്ക് ചെയ്ത് പോവുകയാണ് ചെയ്തത്. പക്ഷേ അത്രയും ദിവസം എടുത്തു.

ഇപ്രാവശ്യം വന്നപ്പോള്‍ നാല് ദിവസത്തില്‍ അവന്‍ തീര്‍ത്തിട്ട് പോയി. അതും ഫുള്‍ ഡേ ചെയ്തിട്ടുമില്ല. അവന് കാര്യങ്ങള്‍ എളുപ്പമായി വരുന്നുണ്ടല്ലോ എന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും മലയാളത്തിലാണല്ലോ ഡബ്ബ് ചെയ്യേണ്ടത്.

പെര്‍ഫോമന്‍സില്‍ അവന് അങ്ങനെ ഒരു സ്ട്രഗിള്‍ ഉള്ളതായി ഹൃദയത്തിന്റെ സമയത്തും എനിക്ക് തോന്നിയിട്ടില്ല. പക്ഷേ അന്ന് ഡബ്ബിങ്ങില്‍ സമയമെടുത്തിരുന്നു. എന്നാല്‍ ഇന്ന് അത് ഈസിയായിട്ടുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഓപ്പോസിറ്റുള്ളത് വിനീത് ആയതുകൊണ്ടായിരിക്കുമോ അത് എന്ന ചോദ്യത്തിന് കുറച്ചൊക്കെ അതുണ്ടാകുമായിരിക്കുമെന്നും പക്ഷേ ഒരു ആക്ടര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ എക്‌സ്പ്രസ് ചെയ്യാന്‍ അവന് കുറച്ചുകൂടി കോണ്‍ഫിഡന്‍സ് വന്നിട്ടുണ്ടെന്നുമായിരുന്നു വിനീതിന്റെ മറുപടി.

‘ ഭാഷയുടെ കാര്യത്തില്‍ അവന് ആ കോണ്‍ഫിഡന്‍സ് വന്നതായി എനിക്ക് തോന്നി. ഷൂട്ടിന്റെ കാര്യം ആണെങ്കില്‍ പോലും നമുക്ക് അപ്പു ആണെങ്കില്‍ ഒമ്പത് മണിക്ക് തുടങ്ങുന്ന സീന്‍ എപ്പോള്‍ തീരുമെന്ന് പറയാന്‍ സാധിക്കും. ചെറിയ ഒരു സീനാണെങ്കിലുള്ള കാര്യമാണ് പറയുന്നത്. വലിയ ഷോട്ട് ഡിവിഷനും സ്‌റ്റേജിങ്ങും ഒന്നും ഇല്ലാത്ത കുഞ്ഞുസീനാണെങ്കില്‍, അപ്പു അത് ചെയ്തിരിക്കും. അവന്‍ പഠിച്ചിട്ടാണ് വരികയെന്ന് നമുക്കറിയാം.

ഹൃദയത്തിന്റെ സമയത്ത് നമ്മള്‍ ഇതെല്ലാം ഫിഗര്‍ ഔട്ട് ചെയ്തുകൊണ്ടിരിക്കുകയല്ലേ. അത് അവന്റെ സൈഡില്‍ നിന്ന് കൂടി വരുന്ന എഫേര്‍ട്ടാണ്. എന്താണെന്ന് അറിയില്ല ഇപ്രാവശ്യം വന്നപ്പോള്‍ ആളില്‍ ഭയങ്കര വ്യത്യാസമാണ് കണ്ടത്. നേരത്തെ കണ്ടതുപോലെയൊന്നുമല്ല ഫീല്‍ ചെയ്തത്.

കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. എല്ലാവരുടെ അടുത്തും സംസാരിക്കാന്‍ തുടങ്ങി. എ.ഡിമാരുടെ അടുത്തും ആര്‍ട് അസിസ്റ്റന്റിന്റെ അടുത്തുമൊക്കെ ഇത് ഇങ്ങനെ ചെയ്യാന്‍ പറ്റുമോ എന്നാക്കെ ചോദിക്കാറുണ്ട്. അങ്ങനെയൊന്നും നേരത്തെ ചോദിക്കില്ലായിരുന്നു. നമ്മള്‍ പറയുന്നത് സൈലന്റായി ചെയ്തിട്ട് പോകുന്നതായിരുന്നു രീതി. അന്ന് എവിടെയോ ഒന്ന് ഓപ്പണ്‍ അപ്പ് ആവാന്‍ ഉണ്ടായിരുന്നു,’ വിനീത് പറഞ്ഞു.

Content Highlight: I have seen some changes in pranav Mohanlal Says Vineeth Sreenivasan

We use cookies to give you the best possible experience. Learn more