തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിലും വലിയ പ്രതിഷേധങ്ങള്‍ കണ്ടതാണ് താനെന്നായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് നിയമസഭക്ക് മുന്‍പില്‍ വെച്ച് പ്രതികരിച്ചത്.
‘മുന്‍പില്ലാത്ത വിധം എന്ന വാക്ക് നിങ്ങളാണ് ഉപയോഗിക്കുന്നത്. വാര്‍ത്തയാക്കാന്‍ വേണ്ടി മാത്രമാണ് നിങ്ങള്‍ അങ്ങിനെ പറയുന്നത്. ഇതിലും വലിയ പ്രതിഷേധങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പാര്‍ലമെന്റ് അംഗമായിരുന്ന കാലത്ത് ഇതിലേറെ പ്രതിഷേധങ്ങള്‍ കണ്ടിട്ടുള്ളയാളാണ് ഞാന്‍.’ നയപ്രഖ്യാപനത്തിന് ശേഷം തിരിച്ചുപോകാനായി കാറില്‍ കയറുന്നതിന് മുന്‍പ് ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭയുടെ നടുത്തളത്തിലിറങ്ങി പതിഷേധിച്ചത് കൂടാതെ ഗവര്‍ണറെ നിയമസഭക്ക് പുറത്തുവെച്ചും തടയുമെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. പക്ഷെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഉടന്‍ തന്നെ ഗവര്‍ണര്‍ തിരിച്ചുപോകുകയായിരുന്നു.
പൗരത്വ ഭേദഗതി സംബന്ധിച്ച ഭാഗങ്ങള്‍ നയപ്രഖ്യാപനത്തില്‍ വായിക്കുകയില്ലെന്ന് ഗവര്‍ണര്‍ രേഖാമൂലം അറിയിച്ചിരുന്നു. പക്ഷെ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് തന്നെ ഈ ഭാഗം ഗവര്‍ണര്‍ വായിച്ചു.
മുഖ്യമന്ത്രി കാലുപിടിച്ച് പറഞ്ഞിട്ടാണ് പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ലാവ്‌ലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്രവുമായി പാലമിടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി ഒത്തുക്കളിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നയപ്രഖ്യാപനപ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ സഭ ബഹിഷ്‌കരിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ വാച്ച് ആന്റ് വാര്‍ഡ് എത്തിയാണ് പിടിച്ചുമാറ്റിയത്.