ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്: പി.വി. അന്‍വര്‍
Kerala News
ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്: പി.വി. അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 10:46 am

തിരുവനന്തപുരം: ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് താന്‍ പറഞ്ഞിട്ടുള്ളതെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസ് എന്നിവര്‍ക്കെതിരായുള്ള തന്റെ പരാതി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിക്ക് എം.വി. ഗോവിന്ദന് നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ കേരളത്തില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ലക്ഷോപലക്ഷം പാവപ്പെട്ട മനുഷ്യരുണ്ടെന്നും അവരാണ് ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും അവരുടെ വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനെ തള്ളിക്കളയാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അജിത് കുമാറിനെയും സുജിത് ദാസിനെയും നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ചവര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടാകാമെന്നും അന്‍വര്‍ പറഞ്ഞു. വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടവര്‍ എപ്പോള്‍ വേണമെങ്കിലും ചതിക്കാമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ പരോക്ഷമായി പരാമര്‍ശിച്ച് കൊണ്ട് അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിന് ഒരു പക്ഷേ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയുണ്ടായിട്ടുണ്ടാകില്ലെന്ന് അന്‍വര്‍ പറഞ്ഞു. താന്‍ നിരന്തരമായി പൊലീസുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു എന്നും അത്തരത്തിലുള്ള അന്വേഷണത്തില്‍ നിന്നാണ് ഇതുപോലൊരു വെളിപ്പെടുത്തലുകളിലേക്കും കണ്ടെത്തലുകളിലേക്കും എത്തിയത് എന്നും അന്‍വര്‍ പറഞ്ഞു.

എന്ത് കൊണ്ടാണ് എല്ലായിപ്പോഴും പൊലീസ് ജനങ്ങളെ ഇതുപൊലെ ഉപദ്രവിക്കുന്നതെന്നും, എന്തുകൊണ്ടാണ് തൃശൂര്‍ പൂരം അലങ്കോലമായതെന്നും, എന്ത് കൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ അഭിപ്രായം പോലും വിലക്കെടുക്കാതിരുന്നത് എന്നും താന്‍ അന്വേഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ അന്വേഷണമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും അതുമായി താന്‍ മുന്നോട്ട് പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടി സെക്രട്ടറിയെ കാണുമെന്ന് ഇന്നലെ തന്നെ പറഞ്ഞതാണ്. ആ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ടത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ പോലെ തന്നെ അദ്ദേഹവും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചോദ്യങ്ങള്‍ക്കുള്ള എന്റെ വിശദീകരണവും നല്‍കിയിട്ടുണ്ട്. ഇനിയുള്ള ബാക്കി കാര്യങ്ങള്‍ സര്‍ക്കാറും പാര്‍ട്ടിയും തീരുമാനിക്കും,’ പി.വി. അന്‍വര്‍ പറഞ്ഞു.

പുലി പോലെ വന്ന അന്‍വര്‍ എലിയായി പോയി എന്ന വിമര്‍ശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. എലി അത്ര മോശം ജീവിയല്ലെന്നും, ഒരു വീട്ടില്‍ ഒരു എലിയുണ്ടായാല്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു. എലി അത്ര മോശമായ കാര്യമാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എലിയായാലും പൂച്ചയായാലും താന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളുമായി താന്‍ ഈ പൊതുസമൂഹത്തിന് മുന്നിലുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.

എ.ഡി.ജി.പിയെ മാറ്റി നിര്‍ത്തണോ എന്ന കാര്യം മുഖ്യമന്ത്രിയും സര്‍ക്കാറുമാണ് തീരുമാനിക്കേണ്ടതെന്നും പി.വി. അന്‍വര്‍ പറഞ്ഞു. അത് ഇന്നലെ തന്നെ താന്‍ വ്യക്തമാക്കിയതാണെന്നും പാര്‍ട്ടിയോടും ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു അന്തസ്സുള്ള പാര്‍ട്ടിയും സര്‍ക്കാറും മുഖ്യമന്ത്രിയുമാണെന്നും അവര്‍ക്ക് മുന്നിലാണ് താന്‍ പരാതി നല്‍കിയിട്ടുള്ളതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ അനുസരിച്ച് അന്വേഷണം നീങ്ങുമെന്നും തനിക്ക് ധൃതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി. അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരായ രണ്ട് പേര്‍ അദ്ദേഹത്തിനെതിരായ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ആശങ്ക തന്നെയാണ് തനിക്കുള്ളതെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള തന്റെ വിമര്‍ശനങ്ങളും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ അന്‍വര്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത് എന്നും  പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍, മുന്‍ എസ്.പി. സുജിത് ദാസ് എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളാണ് ഭരണകക്ഷി എം.എല്‍.എ കൂടിയായ പി.വി അന്‍വര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

ഇക്കാര്യങ്ങളില്‍ എം.ആര്‍. അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും സുജിത് ദാസിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട അന്‍വര്‍ തന്റെ പരാതി രേഖാമൂലം നല്‍കുകയും ചെയ്തിട്ടുണ്ട്.

content highlights: I have said what lakhs of comrades wanted to say, PV. Anwar