| Tuesday, 3rd July 2012, 10:28 am

ബി.സി.സി.ഐയില്‍ നിന്നും നീതി ലഭിച്ചില്ല: ശലഭ് ശ്രീവാസ്തവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ കോഴവിവാദത്തിന്റെ പേരില്‍ അഞ്ച് വര്‍ഷത്തെ വിലക്ക് നേരിടുന്ന ഉത്തര്‍പ്രദേശ് ഫാസ്റ്റ് ബൗളര്‍ ശലഭ് ശ്രീവാസ്തവ ബി.സി.സി.ഐ യ്‌ക്കെതിരെ രംഗത്ത്. കോഴവിവാദത്തില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും തനിയ്‌ക്കെതിരെയുള്ള വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായില്ലെന്നാണ് ശലഭ് പറയുന്നത്.

“”ഞാന്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടില്ലെന്ന് ബി.സി.സി.ഐയ്ക്ക് അറിയാം. അപ്പോള്‍ സ്വാഭാവികമായും എനിയ്ക്ക് നീതി ലഭിക്കേണ്ടതാണ്. നിരപരാധിയായ എന്നെ ഇത്തരത്തില്‍ വിലക്കുന്നത്‌ നീതിയല്ല.””-ശലഭ് പറഞ്ഞു.

കാല്‍ മുട്ടിലെ പരുക്കുമൂലം 2011-2012 സീസണില്‍ ഉത്തര്‍പ്രദേശിനായി ഞാന്‍ കളിച്ചിട്ടില്ല. മത്സരത്തിന് പോലുമില്ലാതിരുന്ന താന്‍ എങ്ങനെ ഒത്തുകളിയില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം ചോദിച്ചു.പരുക്കുമൂലം വീട്ടില്‍ വിശ്രമത്തിലാണ്. പിന്നെങ്ങനെ മനപ്പൂര്‍വം നോ ബോള്‍ എറിയുന്നതിന് പണം വാങ്ങും.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വ്യാജമാണ്. കരിയര്‍ തകര്‍ക്കാനുള്ള ഗൂഢഉദ്ദേശ്യമാണ് ഇതിന് പിന്നില്‍. സുഹൃത്തുക്കളാണെന്ന് കരുതി ചിലരോട് ക്രിക്കറ്റിനെ പറ്റി സംസാരിച്ചതാണ് ഏറ്റവും വലിയ തെറ്റെന്നും ശലഭ് പറഞ്ഞു.

കിങ്‌സ് ഇലവന്‍ പഞ്ചാബ് അധികൃതര്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ടീമിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടിവി ചാനലാണ് ഐ.പി.എല്ലിലെ അഞ്ച് താരങ്ങള്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടതായി വെളിപ്പെടുത്തിയത്. ഒളിക്യാമറയിലൂടെ കളിക്കാര്‍ കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ വെളിപ്പെടുത്തി. ലേലത്തില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടി തുകയാണ് ചില താരങ്ങള്‍ക്ക് ലഭിച്ചത്. ഐ.പി.എല്‍ കൂടാതെ ആഭ്യന്തര മല്‍സരങ്ങളിലും ഒത്തുകളി നടക്കുന്നതായി ചാനല്‍ വെളിപ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more