ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥയായ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ഫോണ്‍ ചെയ്തിട്ടില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്.
മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കോളും വന്നിട്ടില്ല. അതിനെ കുറിച്ച് അറിയുകയുമില്ല. ഇത്തരമൊരു വാര്‍ത്ത അറിയുന്നത് തന്നെ മാധ്യമങ്ങളില്‍ നിന്നാണ്.
പോലീസിനും മാധ്യമങ്ങള്‍ക്കും എങ്ങനെ ഇത്തരമൊരു വാര്‍ത്ത കിട്ടിയെന്ന് അറിയില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് നജീബിന്റെ അച്ഛനെ വിളിച്ചിരുന്നെങ്കില്‍ അദ്ദേഹം എന്നോട് അത് പറയുമായിരുന്നുവെന്നും ഫാത്തിമ പറയുന്നു. ഇത്തരമൊരു കോള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നജീബിന്റെ ബന്ധു സദാഫ് മുഷറഫും പറഞ്ഞു.
നജീബിനെ വിട്ടുനല്‍കാനായി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചന്നെ് പറഞ്ഞ് പോലീസ് കഴിഞ്ഞ ദിവസം ഷമീന്‍ എന്നയാളെ ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
നജീബ് അഹമ്മദ് തന്റെ കസ്റ്റഡിയിലാണെന്നും 20 ലക്ഷം രൂപ മോചനദ്രവ്യമായി ഉടന്‍ കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായായിരുന്നു പോലീസ് പറഞ്ഞത്. 2015 ല്‍ ലോഹിയ നഗറില്‍ നിന്നും പ്ലസ്ടു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞിരുന്നു.
ജെ.എന്‍.യുവിലെ എം.എസ്.സി ബയോടെക്നോളജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ മൂന്നു മാസം മുന്‍പാണ് കാണാതായത്. സര്‍വകലാശാല ഹോസ്റ്റലില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായതിന് പിന്നാലെ ആയിരുന്നു നജീബിനെ കാണാതായത്.
സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിവരികയാണെങ്കിലും നജീബിനെ കുറിച്ചുള്ള ഒരുവിവരവും ഇതുവരെ പോലീസിന് ലഭിച്ചിരുന്നില്ല.
ഹോസ്റ്റല്‍ അധികൃതരുടേയും വിദ്യാര്‍ഥികളുടേയും മുന്നില്‍വച്ചായിരുന്നു അന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചത്. നജീബിനെ വകവരുത്തുമെന്ന് പറഞ്ഞാണ് അന്ന് എബിവിപിക്കാര്‍ മടങ്ങിയത്.
പിന്നീട് ഹോസ്റ്റല്‍ റൂമിലെത്തിയ നജീബിനെ അന്ന് രാത്രിമുതല്‍ ആരും കണ്ടിട്ടില്ല. നജീബിനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി അധികൃതര്‍ കാര്യക്ഷമമായി അന്വേഷിച്ചിരുന്നില്ല.