| Saturday, 18th July 2020, 7:48 pm

ഫേസ്ബുക്ക് മുഫ്തിമാരുടെ ഫത്വവകളോടോ അവരുടെ ആക്രോശങ്ങളോടോ എനിക്ക് ഒരു ഭയപ്പാടുമില്ല; ഒരു ക്വിയര്‍ മുസ്ലിമിന്റെ പ്രാര്‍ത്ഥനകള്‍

മുഹമ്മദ് ഉനൈസ്

ഇന്നലെ വൈകുന്നേരം വെറുതെ ഇരുന്നപ്പോ ആലോചിച്ച ഒരു കാര്യം ആണ്. ഞാന്‍ ഒരു കാര്യത്തിലും സങ്കടപ്പെടാനോ വിഷമിക്കാനോ പാടില്ലെന്നതാണത്. അങ്ങനെ ഞാന്‍ വിഷമിച്ചാല്‍ ചിലപ്പോള്‍ അത് എന്റെ പടച്ചോനോടുള്ള നന്ദികേട് ആവാന്‍ സാധ്യത ഉണ്ടെന്ന് എനിക്ക് തോന്നി.

ഞാന്‍ എനിക്കറിയുന്ന പലരെക്കാളും, പല കാര്യങ്ങള്‍ കൊണ്ടും വളരെയധികം അനുഗ്രഹിക്കപ്പെട്ടവനാകുന്നു. ഏറ്റവും അനുഗ്രഹം എന്റെ കുടുംബം ആണ്. ഒരു സുന്നി മതപണ്ഡിത കുടുംബം ആയിരുന്നിട്ട് കൂടി ക്വീയര്‍ അസ്തിത്വം തുറന്ന് പറഞ്ഞു ഞാന്‍ വീട്ടുകാര്‍ക്കൊപ്പം സന്തോഷവാന്‍ ആയി ജീവിക്കുന്നു. എന്നെ വളരെയധികം സ്‌നേഹിക്കുന്ന, മനസ്സിലാക്കുന്ന, ചേര്‍ത്ത് നിര്‍ത്തുന്ന വിശ്വാസികള്‍ ആയ മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ട്. ഇതില്‍ പേരെടുത്തു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്ന എന്റെ സുഹൃത്താണ് Hani Hilal ഞാന്‍ അവന്റെ വീട്ടില്‍ ദിവസങ്ങള്‍ ചെന്ന് നിന്നിട്ടുണ്ട് ഒന്നിലധികം തവണ. അത്രയേറെ എന്നെ ചേര്‍ത്ത് നിര്‍ത്തുന്ന വിശ്വാസികള്‍ ആയ മുസ്ലിം സുഹൃത്തുക്കള്‍ വേറെയും എനിക്കുണ്ട്. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഒരു കന്നഡ സംവിധായകന്‍ എന്നെ പറ്റി അടുത്തിടെ ചെയ്ത ഒരു ഷോര്‍ട് ഡോക്യുമെന്ററിയില്‍ എന്നെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് ക്യാമറയോട് സംസാരിച്ചത് എന്റെ മാമയും സഹോദരനും ആയിരുന്നു. എന്റെ ഈ സൗഭാഗ്യങ്ങള്‍ (പടച്ചോന്റെ അനുഗ്രഹം) കണ്ട് എന്നോട് അസൂയ ഉണ്ടെന്ന് പറയുന്ന ക്വീയര്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. നിന്റെ സ്ഥാനത്തു ഞാന്‍ ആയിരുന്നുവെങ്കില്‍ നിന്നെ പോലെ അസ്തിത്വം തുറന്ന് പറഞ്ഞു ജീവിക്കാന്‍ ധൈര്യം ഉണ്ടാവില്ലായിരുന്നു എന്ന് എന്നോട് പറയുന്ന heterosexual സുഹൃത്തുക്കള്‍ ഉണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനിക്കുക എന്നതിലുപരി ഞാന്‍ പടച്ചോനോട് കൂടുതല്‍ നന്ദിയുള്ളവന്‍ ആയിതീരേണ്ടതുണ്ടന്നാണ് എനിക്ക് തോന്നുന്നത്.

എന്റെ തൊലി എന്റെ മാംസത്തോട് എത്രയധികം ചേര്‍ന്നിരിക്കുന്നോ, അതിനേക്കാള്‍ അടുപ്പത്തില്‍ ഒരുവനോട് ചേര്‍ന്നിരിക്കുന്നതാണ് പടച്ചോന്റെ കരുണ. നീതിമാന്മാരില്‍ വെച്ചേറ്റവും നീതിമാന്‍ ആണവന്‍. അത്‌കൊണ്ട് തന്നെ എനിക്കെതിരെ നടക്കുന്ന തെറി വിളികളോടോ, സമുദായിക വിദ്വേഷ പ്രചാരണങ്ങളോടോ, ഇസ്ലാമില്‍ നിന്ന് എന്നെ പുറത്താക്കിക്കൊണ്ടുള്ള ഫത്വകളോടോ, എന്റെ മുന്‍ പോസ്റ്റില്‍ ലൈക് അടിച്ചവരെ പോലും കാഫിര്‍ ആക്കിക്കൊണ്ടുള്ള ഫേസ്ബുക് മുഫ്തിമാരുടെ ഫത്വകളോടോ, അവരുടെ ആക്രോശങ്ങളോടോ എനിക്ക് ഒരു ഭയപ്പാടോ ഉത്ക്കണ്ഠയോ പോലും ഇല്ല. എനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടു നിര്‍ബന്ധം പിടിച്ച സുഹൃത്തുക്കള്‍ ഉണ്ട്. എന്നാല്‍, ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെക്കാള്‍, നീതിമാനായ പടച്ചോന്റെ പരമോന്നത കോടതിയിലേക്ക് ഞാനത് വിട്ടുകൊടുത്തിട്ടുണ്ട്.

മറ്റൊന്ന്, ഇസ്ലാമില്‍ വ്യഭിചാരം അങ്ങേയറ്റം ഗുരുതരമായ ആരോപണം ആണ്. നാല് ദൃസാക്ഷികളെ ഹാജരാക്കാതെ ഒരു വിശ്വാസിയുടെ മേല്‍ വ്യഭിചാരം ആരോപിക്കുന്നവനുള്ള കാഠിന്യമേറിയ ശിക്ഷ ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്- പിന്നീടൊരിക്കലും അയാളുടെ സാക്ഷ്യം സ്വീകരിക്കാതിരിക്കലടക്കം (Qur’an 24:4). എന്നെ വ്യഭിചാരി ആയി ആരോപിച്ചും മറ്റും കേട്ടാല്‍ അറക്കുന്ന തെറികളും അധിക്ഷേപ വാക്കുകളും ആണ് ഫേസ്ബുക്കിലെ പണ്ഡിത കേസരികള്‍ എനിക്കെതിരെ നടത്തിയത്. എന്തൊക്കെ ആയാലും ഇതൊന്നും എന്നെ നെഗറ്റീവ് ആയി ബാധിച്ചിട്ടില്ല, അല്‍ഹംദുലില്ലാഹ്. മറിച്ച് ഞാന്‍ സന്തോഷവാനാണ്. നന്മകളുടെ കിതാബ് വലം കയ്യിലും തിന്മകളുടെ കിതാബ് ഇടം കയ്യിലും നല്‍കുന്ന നാളില്‍ എന്റെ നന്മയുടെ കിത്താബിലേക്ക് എന്നെ നീചമായി ആക്ഷേപിച്ചവരുടെ നന്മകള്‍ വന്നു നിറയുന്ന നാളിനെ പറ്റിയുള്ള പ്രതീക്ഷയില്‍. നേരിട്ട് കണ്ടോ കേട്ടോ പോലും അറിയാത്തവരുടെ നന്മകള്‍ എന്റെ വലം കയ്യിലെ കിതാബിന്റെ കനം കൂട്ടുന്ന പോലെ ഭാഗ്യം വേറെന്തുണ്ട് ?! ആ നാളിനായുള്ള കാത്തിരിപ്പിലും പ്രാര്‍ത്ഥനയിലും ആണ് ഞാന്‍.

വെള്ളിയാഴ്ചകളില്‍ ഖുതുബക്ക് മുന്‍പ് പള്ളിയില്‍ എത്തിയാല്‍, ഞാന്‍ ഏതാണ്ട് അരമണിക്കൂറോളം എടുത്ത് തീരേ മടുപ്പില്ലാതെ വളരെ ആസ്വദിച്ച് പാരായണം ചെയ്യുന്ന ഒരധ്യായം ഉണ്ട് ഖുര്‍ആനില്‍. സൂറത്തുല്‍-കഹ്ഫ് (The Cave). അല്ലാഹുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ട ഒരു കൂട്ടം യുവാക്കള്‍ ഒരു ഗുഹയില്‍ അഭയം തേടുകയും, അവിടെ മുന്നൂറിലധികം വര്‍ഷങ്ങള്‍ ഉറക്കിക്കിടത്തി അള്ളാഹു അവരെ സംരക്ഷിച്ചതുമാണ് ആ കഥ. ഈ സംഭവ വിവരണത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. മുസ്ലിങ്ങള്‍ ഏഴയലത്ത് അടുപ്പിക്കാത്ത, തൊട്ടാല്‍ മണ്ണ് കലക്കിയ വെള്ളം കൊണ്ടു ഏഴു തവണ കഴുകേണ്ടി വരുന്ന ജീവി വര്‍ഗ്ഗത്തില്‍ പെട്ട ഒരു നായയെയാണ് അവര്‍ക്ക് കാവലിനായി റബ്ബ് ഏര്‍പ്പെടുത്തിയത്. ഒന്നോര്‍ത്തു നോക്കൂ, അങ്ങനെയുള്ള ഒരു നായക്ക് പോലും പടച്ചവന്റെ കിതാബില്‍ ഇടം പിടിക്കാനായെങ്കില്‍, അതുപോലെ, പടച്ചോനെ പ്രിയം വെക്കുന്ന അവന്റെ റസൂലിനെ സ്‌നേഹിക്കുന്ന ഒരുവന്‍ ആകണം എന്നതാണ് എന്റെ ആഗ്രഹം, ഇന്‍ശാ അല്ലാഹ്!

ഇസ്ലാമിനു എന്നെ ആവശ്യമുണ്ടോ ഇല്ലയോ എന്നതല്ല, എനിക്ക് ഇസ്ലാമിനെ ആവശ്യമുണ്ട്, അള്ളാഹുവിനെയും അവന്റെ റസൂലിനെയും എനിക്ക് ആവശ്യമുണ്ട്. ഞാന്‍ അനുഭവിച്ച/അനുഭവിക്കുന്ന നോവുകള്‍ക്ക് നാളെ പ്രതിഫലം ലഭിക്കാന്‍, പ്രാര്‍ത്ഥനകളിലൂടെ എന്റെ വേദനകളുടെ കാഠിന്യം കുറക്കാന്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. സര്‍വ്വാധികാരിയായ, തീര്‍പ്പ് കല്പിക്കുന്നവനായ എന്റെ നാഥനെ മാറ്റിക്കൊണ്ട്, നിങ്ങള്‍ എന്നെ ഇസ്ലാമില്‍ നിന്ന് പുറത്താക്കി ഫത്വകള്‍ ഇറക്കിക്കൊള്ളൂ, ബഹിഷ്‌കരിച്ചോളൂ.. എനിക്ക് അഭയം നല്‍കുന്ന നാഥന്‍ ഉള്ളിടത്തോളം നിങ്ങളുടെ ആക്രോശങ്ങള്‍ എന്നെ ഒരു തരി ഭയപ്പെടുത്തില്ല. അസ്ഹാബുല്‍-കഹ്ഫിനെ പ്രിയം വെച്ച നായക്ക് കിട്ടുന്ന പരിഗണന എങ്കിലും നാളെ പടച്ചോന്റെ സന്നിധിയില്‍ എനിക്ക് ലഭിച്ചാല്‍ ഈ ജീവിതം കൊണ്ടു ഞാന്‍ ധന്യന്‍ ആയി, അതാണ് എന്റെ തേട്ടവും…
സഫലമീ യാത്ര!

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഹമ്മദ് ഉനൈസ്

We use cookies to give you the best possible experience. Learn more