| Thursday, 24th August 2023, 11:52 am

ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ല: എനിക്കത് ബുദ്ധിമുട്ടാണ്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരുടെയും നിഴലില്‍ നിന്ന് വളരാന്‍ ആഗ്രഹിച്ച വ്യക്തിയല്ല താനെന്ന് പറയുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയുടെ പേര് ഉപയോഗിച്ച് സിനിമയില്‍ ഒന്നും ആകാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് മുന്‍പും താരം വ്യക്തമാക്കിയിരുന്നു. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഒന്നും ശാശ്വതമായിരിക്കില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും താരം പറഞ്ഞിരുന്നു.

സിനിമയില്‍ സ്വന്തം സിഗ്നേച്ചര്‍ ഉണ്ടാക്കിയെടുത്ത വ്യക്തിയെന്ന നിലയിലും ഒറ്റയ്‌ക്കൊരു സാമ്രാജ്യം ഉണ്ടാക്കിയെടുത്തതിലും എത്രമാത്രം പ്രൗഡ് ആണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ഒരു ക്യൂ തെറ്റിക്കാന്‍ പോലും താന്‍ തന്റെ വാപ്പച്ചിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്നാണ് ഡി.ക്യു പറയുന്നത്. ജനുവിനായി ലൈഫില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും അത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഡി.ക്യു പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ എന്റെ അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ല ഭയങ്കര ബുദ്ധിമുട്ടല്ലേ അത്. എന്റെ അച്ഛനായാലും ഗോകുലിന്റെ അച്ഛനായാലുമൊക്കെ വലിയ പ്രതിഭകളും സക്‌സസ്ഫുള്‍ ഫാദേഴ്‌സുമൊക്കെയാണ്.

ജനുവിനായി ലൈഫില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ഈ പറയുന്ന രീതിയില്‍ എന്റെ അച്ഛന്‍ ആരാണെന്ന് അറിയുമോ എന്ന് ചോദിക്കുകയോ അല്ലെങ്കില്‍ അച്ചന്റെ കെയര്‍ഓഫില്‍ എന്തെങ്കിലും ചെയ്യുമെന്നോ തോന്നുന്നില്ല.

എനിക്കൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ് അത്. എനിക്കത് പറ്റില്ല. ഇപ്പോഴും ചിലപ്പോള്‍ എയര്‍പോര്‍ട്ടിലൊക്കെ നമ്മളെ സഹായിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാകും. എന്നാല്‍ പോലും എനിക്കൊരു ക്യൂ കട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഞാന്‍ അവിടെ നിന്നതിന്റെ പേരില്‍ ക്രൗഡ് ഉണ്ടായി ബുദ്ധിമുട്ടുണ്ടായാല്‍ മാത്രമേ അതിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളൂ. എന്റെ അച്ഛന്റെ മകനായി ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അതൊരു റാന്‍ഡം ജനറ്റിക് ലോട്ടറി മാത്രമാണ്. അതുകൊണ്ട് ഞാന്‍ സ്‌പെഷ്യല്‍ എന്നോ ഞാന്‍ ഇതൊക്കെ അര്‍ഹിക്കുന്നോ എന്നല്ല അതിനര്‍ത്ഥം,’ ദുല്‍ഖര്‍ പറഞ്ഞു.

താന്‍ ഈ പറഞ്ഞ കാര്യങ്ങളോട് ഗോകുല്‍ യോജിക്കുന്നുണ്ടോ എന്ന ഡി.ക്യുവിന്റെ ചോദ്യത്തിന് നമ്മുടെ മുന്‍പില്‍ അങ്ങനെ ഒരു സാധ്യത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാതിരിക്കാനുള്ള ഒരു ഉളുപ്പ് കാണിക്കണം എന്നായിരുന്നു ഗോകുലിന്റെ മറുപടി.

ആ വാക്ക് കുറേ നേരമായി തനിക്ക് ചുറ്റും കറങ്ങിയെങ്കിലും ഒഴിവാക്കിയതാണെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ഇതോടെ ദുല്‍ഖര്‍.

അതേസമയം ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്ത ലോകമെമ്പാടും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് കിങ് ഓഫ് കൊത്ത വിലയിരുത്തപ്പെടുന്നത്.

Content Highlight: I have never used my father’s name even to miss a cue says Dulquer Salmaan

Latest Stories

We use cookies to give you the best possible experience. Learn more