| Saturday, 31st March 2018, 6:43 pm

'ഒരിക്കലും ഞാന്‍ ഇത്രയും സന്തോഷിച്ചിട്ടില്ല'; സ്വന്തം വീട്ടുമുറ്റത്ത് പൊട്ടിക്കരഞ്ഞ് മലാല; സ്‌കൂളും സഹപാഠികളെയും സന്ദര്‍ശിച്ചു [ ചിത്രങ്ങള്‍]

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സ്വാത് വാലിയിലെ വീട്ടിലെത്തിയ മലാല പൊട്ടിക്കരഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് താലീബാന്റെ ആക്രമണം നേരിട്ടതിന് ശേഷം ആദ്യമായി തന്റെ ജന്മനാട് നന്ദര്‍ശിക്കുകയായിരുന്നു മലാല.

“ഇതിന് മുന്‍പ് ഒന്നിലും ഞാനിത്രയും വികാരഭരിതയായിട്ടില്ല. എനിക്ക് ഇതിന് മുന്‍പ് ഇത്രയും സന്തോഷമുണ്ടായിട്ടില്ല.” – സന്ദര്‍ശനത്തിനിടെ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മലാല പറഞ്ഞു.

“പാക്കിസ്ഥാനെക്കുറിച്ചുള്ള എല്ലാം എനിക്ക് മിസ് ചെയ്യുന്നു. പുഴകള്‍, മലകള്‍, പൊടി പിടിച്ച തെരുവുകളും വീടിന് ചുറ്റുമുള്ള മാലിന്യങ്ങള്‍ പോലും മിസ് ചെയ്യുന്നു. ഒന്നിച്ചിരുന്ന് പരദൂഷണം പറഞ്ഞ സുഹൃത്തുക്കളും വഴക്കടിച്ച അയല്‍ക്കാരുമെല്ലാം…” മലാല തുടര്‍ന്നു.

മുന്‍പ് തന്നെ വരണമെന്ന് ആഗ്രഹിച്ചിരുന്നതായും സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് വരാന്‍ പറ്റാതിരുന്നതെന്നും മലാല വ്യക്തമാക്കി.

അച്ഛനമ്മമാരോടൊപ്പം ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എത്തിയ മലാലക്ക് കടുത്ത സുരക്ഷയാണ് ഒരുക്കിയിയത്. സ്വന്തം വീടും സ്‌കൂളും സന്ദര്‍ശിച്ച മലാല കൂടെ പഠിച്ചവരെയും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തി. സ്‌കൂളിലെത്തിയപ്പോള്‍ മലാലയ്ക്ക് വീണ്ടും കരച്ചിലടക്കാന്‍ പറ്റിയില്ല. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നടന്ന പരിപാടിയിലും മലാല സംസാരിച്ചു.

2014 നൊബേല്‍ പുരസ്‌ക്കാരം ലഭിച്ച മലാല പുരസ്‌കാരത്തിനര്‍ഹയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. മലാലയുടെ തിരിച്ചു വരവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.




ചിത്രം/വീഡിയോ: റോയിട്ടേഴസ്

We use cookies to give you the best possible experience. Learn more