| Monday, 22nd November 2021, 2:17 pm

'ധൈര്യത്തോടെ നല്ലൊരു കഥ പറയാന്‍ ഇതുവരെ പറ്റിയിട്ടില്ല'; മനസുതുറന്ന് മഹേഷ് നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാലിക്, സീ യു സൂണ്‍,ഉയരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ സംവിധായകനാണ് മഹേഷ് നാരായണന്‍. ചെയ്യുന്ന സിനിമകളിലൊക്കെയും തന്നെ പുതുമ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.

എഡിറ്റര്‍ എന്ന നിലയിലും പ്രശസ്തനാണ് മഹേഷ് നാരായണന്‍. രാത്രി മഴ എന്ന ചിത്രത്തിലൂടെയാണ് മഹേഷ് നാരായണന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്.

തന്റെ സിനിമകളെ കുറിച്ചും സിനിമയിലെ നായകന്മാരെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹമിപ്പോള്‍. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് മനസുതുറക്കുന്നത്.

സിനിമയുടെ കഥ എത്രത്തോളം താഴോട്ട് വരുന്നോ അത്രത്തോളം ആ സിനിമയ്ക്ക് ഉയരങ്ങളിലേക്കെത്താന്‍ സാധിക്കുമെന്ന് മഹേഷ് നാരായണന്‍ പറയുന്നു. ‘ഞാനൊക്കെ ഇപ്പോഴും കമേര്‍ഷ്യല്‍ സ്ട്രീമിലും പാരലല്‍ സ്ട്രീമിന്റെയും ഇടയിലുള്ളൊരു സ്ട്രീമിലാണ്. ധൈര്യത്തോടെ നല്ലൊരു കഥ പറയാന്‍ ഇതുവരെ പറ്റിയിട്ടില്ല. അതിന്റെ കാരണം ചിലപ്പോള്‍ ബഡ്ജറ്റ് ആയിരിക്കാം. മാലിക് പോലുള്ള സിനിമകള്‍, അല്ലെങ്കില്‍ 20 കോടിക്ക മുകളിലേക്ക് ഒരു സിനിമ പോകുമ്പോള്‍ അതിനകത്ത് പലതരത്തിലുള്ള കോംപ്രമൈസും എന്റെ ഭാഗത്തുനിന്ന് നടത്തേണ്ടി വരും,” മഹേഷ് പറയുന്നു.

ഫഹദ് ഫാസിലിന്റെ സിനിമകള്‍ കേരളത്തിന് പുറത്തുള്ള ആളുകള്‍ കൂടുതലായി സ്വീകരിക്കുന്നുണ്ടെന്ന് മഹേഷ് പറയുന്നു. ‘ജാവേദ് അക്തറുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഫഹദ് ഫാസില്‍ എന്ന വ്യക്തിക്ക് എന്തോ ഒരു മാജിക്കുണ്ട്. അത് നിങ്ങളുടെ ആളുകള്‍ക്ക് എത്രത്തോളം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റുന്നുണ്ട് എന്നെനിക്കറിയില്ല. ഒരു വര്‍ഷം തന്നെ ഞാന്‍ അദ്ദേഹത്തെ കള്ളനായും അംബാസിഡറായും കണ്ടു. ഞാന്‍ ഞെട്ടിപോയി ഇത് രണ്ടും ഒരാള്‍ തന്നെയാണോ എന്ന്. ഇതേ വിഷയം തന്നെ എന്നോട് പലരും പറയുകയുണ്ടായി. ഫഹദ് അനായാസമായി ചില കാര്യങ്ങള്‍ കൊണ്ടുവരുന്നതും, അനായാസമായി ഇമോഷന്‍സിനെ കാണിക്കുന്ന രീതിയൊക്കെയായിരിക്കും മലയാള സിനിമയെ പുറത്തേക്ക് എത്തിക്കുന്നത്,’ മഹേഷ് പറയുന്നു.

സിനിമയുടെ തിരക്കഥ പൂര്‍ണമാവാതെ അഭിനേതാക്കളോട് കഥ പറയാന്‍ ബുദ്ധിമുട്ടാണെന്ന് മഹേഷ് പറയുന്നു. ‘ സ്‌ക്രിപ്റ്റില്ലാതെ എനിക്കൊരു ആക്റ്ററോട് കഥ പറയാന്‍ സാധിക്കില്ല. കഥയുടെ ഡ്രാഫ്റ്റ് പറയാന്‍ എനിക്ക് പേടിയാണ്. കഥ അവര്‍ റിജെക്റ്റ് ചെയ്യുമോ എന്നൊന്നും അല്ല. ഞാന്‍ പറയുന്നത് അവര്‍ക്ക് മനസിലാവുന്നുണ്ടോ എന്നൊരു പേടി,” മഹേഷ് പറയുന്നു.

മാലിക് ആണ് അവസാനമായി പുറത്തിറങ്ങിയ മഹേഷ് നാരായണന്‍ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘I have never been able to tell a good story with courage’; Mahesh Narayanan

We use cookies to give you the best possible experience. Learn more