ന്യൂ ദല്‍ഹി: സി.ബി.ഐ റെയ്ഡുകളോട് പ്രതികരിച്ച് ലോക്‌സഭാ എം.പി കാര്‍ത്തി ചിദംബരം.”എനിക്ക് കണക്ക് നഷ്ടപ്പെട്ടു, എത്ര തവണ സംഭവിച്ചു? ഒരു റെക്കോര്‍ഡ് ആയിരിക്കണം,എന്നായിരുന്നു റെയ്ഡ് നടന്ന ഉടന്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
കാര്‍ത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസിലുമായിരുന്നു സി.ബി.ഐ റെയ്ഡ് നടന്നത്. ചെന്നൈ, മുംബൈ, ഒഡീഷ, ദല്‍ഹി എന്നിവിടങ്ങളിലെ ഒന്നിലധികം വസതികളിലും ഔദ്യോഗിക സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അദ്ദേഹത്തിന്റെ അനുയായി ഭാസ്‌കരാമന്‍ എന്നിവരുമായി ബന്ധപ്പെട്ട ഏഴോളം സ്ഥലങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.
വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. കാര്‍ത്തി ചിദംബരത്തിന്റെ 2010 മുതല്‍ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സി.ബി.ഐ അന്വേഷിക്കുന്നതെന്നും സാബു എന്നയാളില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.
പഞ്ചാബിലെ ഒരു പ്രോജക്റ്റില്‍ ജോലി ചെയ്യുന്നതിനായി ചില ചൈനീസ് പൗരന്മാര്‍ക്ക് വിസ സൗകര്യമൊരുക്കാന്‍ 50 ലക്ഷം രൂപ അനധികൃതമായി തട്ടിയെടുത്തുവെന്നാണ് കാര്‍ത്തിക്കിനെതിരെയുള്ള ആരോപണം.
എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ പി. ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും പ്രതികളാണ്. മാക്സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വിസസ് ഹോള്‍ഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്.
പി.ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
ഐ.എന്‍.എക്‌സ് മീഡിയ കേസിന്റെ അന്വേഷണത്തിനിടെ ഈ കേസ് കണ്ടെത്തിയ ചില രേഖകള്‍ ഏജന്‍സി കണ്ടെടുത്തതായി വൃത്തങ്ങള്‍ പറയുന്നു.
2019ല്‍ ഐ.എന്‍.എക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി. ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: I have lost count, how many times has it been? Must be a record Karti Chidambaram on cbi Raid