| Wednesday, 14th December 2016, 1:07 pm

മോദി അഴിമതി നടത്തിയതിന് തെളിവുണ്ട്: ഭയത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ നിന്നും ഒളിച്ചോടുന്നതെന്നും രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ടെന്നും തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് അഴിമതി പുറത്തുവരാതിരിക്കാനാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.


ഭയത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ നിന്നും മോദി ഒളിച്ചോടുന്നത്. മോദി അഴിമതി നടത്തിയതിന്റെ കൃതമായ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. താന്‍ സഭയില്‍ സംസാരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി ഒരുപോലെ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ എനിക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തത്. തന്റെ കൈവശമുള്ളവിവരങ്ങള്‍ ലോക്‌സഭയില്‍ വിശദീകരിക്കാന്‍ തയ്യാറാണ്. അതിന് തനിക്ക് അവസരം വേണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

നോട്ട് നിരോധനവിഷയത്തില്‍ താന്‍ സഭയില്‍ സംസാരിച്ചാല്‍ അത് വലിയ ഭൂകമ്പമുണ്ടാക്കുമെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദി അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന്് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ നിലപാടുമായി രാഹുല്‍ ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചിരുന്നു.


ഒരു മാസമായി സംവാദത്തിന് പ്രതിപക്ഷം ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയാറാണ്. എന്നാല്‍ തന്നെ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പാര്‍ലമെന്റ് സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുണ്ടാകുമെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചിരുന്നു. അതുപ്രകാരം മോദി ഇന്ന് സഭയിലെത്തിയിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ക്ക് മോദി മറുപടി നല്‍കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. കേന്ദ്രധനമന്ത്രിയെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ അനുവദിക്കില്ലെന്നും നോട്ടു വിഷയത്തില്‍ വോട്ടിങ് വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നുമുള്ള നിലപാടില്‍ തന്നെയായിരുന്നു പ്രതിപക്ഷം.

We use cookies to give you the best possible experience. Learn more