ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റുമായുള്ള വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ സച്ചിന്‍ പൈലറ്റിന് എതിരല്ല. ഇത് രാഹുല്‍ ഗാന്ധിക്കറിയാമെന്നും ഗെലോട്ട് പറഞ്ഞു.
‘എനിക്ക് അദ്ദേഹത്തിനോട് എതിര്‍പ്പൊന്നുമില്ല. പൈലറ്റ് തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും. അദ്ദേഹത്തിന് മൂന്നുവയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തെ കാണുന്നതാണ്. അന്ന് ഞാന്‍ എം.പിയായിരുന്നു’, ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒന്നര വര്‍ഷമായി പൈലറ്റിനോട് സംസാരിക്കാറില്ലായിരുന്നെന്നും ഗെലോട്ട് പറഞ്ഞു. അധികാരത്തിലേറിയ സമയം മുതല്‍ പൈലറ്റ് അട്ടിമറി ശ്രമങ്ങള്‍ ആലോചിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് 18 നോടായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.
തന്റെ പരാതികളുമായി പരസ്യമായി മുന്നോട്ടുനീങ്ങാനുള്ള പൈലറ്റിന്റെ തീരുമാനത്തിലും ഗെലോട്ട് നിരാശ പ്രകടിപ്പിച്ചു. ‘പ്രശ്‌നങ്ങളുണ്ടെങ്കില്‍ അദ്ദേഹമത് പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കണമായിരുന്നു. പക്ഷേ, ഇനി ഒന്നും അവശേഷിക്കുന്നില്ല. തനിക്ക് എല്ലാം നല്‍കിയ പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ പാടില്ല. അടിസ്ഥാന യാഥാര്‍ത്ഥത്തെക്കുറിച്ച് പൈലറ്റിന് ഒന്നുമറിയില്ല. അതുകൊണ്ടാണ് അദ്ദേഹമിപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയത്’, ഗെലോട്ട് പറഞ്ഞു.
അതിമോഹങ്ങള്‍ തെറ്റല്ല. പക്ഷേ, അതിനായി നടത്തുന്ന കുല്‍സിത പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു. പൈലറ്റിന് ബി.ജെ.പിയില്‍ ചേരാന്‍ താല്‍പര്യമുണ്ട്. എന്നാല്‍, ആവശ്യത്തിന് എം.എല്‍.എമാരെ കൈക്കലാക്കാന്‍ സാധിക്കാത്തതാണ് പൈലറ്റിനെ തടയുന്നതെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സയമത്ത് സംസ്ഥാനത്ത് കുതിരക്കച്ചവട ശ്രമങ്ങള്‍ നടന്നതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതുമുതലാണ് ഗെലോട്ടും പൈലറ്റും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായത്. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതുമുതല്‍ ഇരുവിഭാഗവും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചു. പാര്‍ട്ടി വിജയിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം പൈലറ്റിനാണെന്നും എന്നാല്‍ തക്ക പ്രതിഫലം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നുമാണ് പൈലറ്റിന്റെ വിശ്വസ്തര്‍ ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക