സിനിമാ മേഖലയിലെ മുന്‍നിര താരങ്ങളില്‍ പലരും നിര്‍മാണ രംഗത്തേക്കും ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു. സിനിമ നിര്‍മിക്കാന്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുള്ള അഭിനേതാക്കളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ചിലതില്‍ പ്രൊഡ്യൂസറുടെ റോള്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍ മറ്റുചിലതില്‍ അഭിനേതാവു കൂടിയാവുന്നു.
ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന് നിര്‍മാണ രംഗത്ത് അധിക താല്‍പര്യമൊന്നുമില്ലാത്തയാളാണ്. 2009ല്‍ അദ്ദേഹം “പാ” നിര്‍മിച്ചു. പിന്നീട് 2015ലാണ് നിര്‍മാണ രംഗത്തേക്കു വന്നത്, “ഷമിതാഭി”ലൂടെ.
നിര്‍മാണ രംഗത്ത് അഭിഷേകിനുള്ള താല്‍പര്യക്കുറവ് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. വരും വര്‍ഷങ്ങളിലും ഇതേനിലയില്‍ തന്നെയാവും കാര്യങ്ങള്‍ എന്നാണ് താരം പറയുന്നത്.
അഭിനയിക്കേണ്ട ചിത്രങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ നിര്‍മിക്കേണ്ട ചിത്രങ്ങളെക്കുറിച്ച് തനിക്കൊരു രൂപവുമില്ലെന്നാണ് അഭിഷേക് പറയുന്നത്.
“നിര്‍മാണം എനിക്കിഷ്ടമല്ല, നിര്‍മാതാവാകുന്നത് ഞാന്‍ വെറുക്കുന്നു. സത്യമായും. നിര്‍മാണത്തിനു മുമ്പുള്ള കാര്യങ്ങളാണ് ഞാന്‍ ആസ്വദിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതിനുശേഷമുള്ള കാര്യങ്ങളോട് വെറുപ്പാണ്. കാരണം ഞാന്‍ പാ ചെയ്തപ്പോള്‍ നിര്‍മാതാവ്, നടന്‍ എന്നീ നിലകളില്‍ ഞാന്‍ സംഘര്‍ഷത്തിലായിരുന്നു. എന്നിലെ നടന് ഒരു ടെയ്ക്ക് കൂടി ആവശ്യമുണ്ടാവും. പക്ഷെ നിര്‍മാതാവ് ഒ.കെയെന്നു പറഞ്ഞുകൊണ്ടിരിക്കും. അതു ഞാനിഷ്ടപ്പെടുന്നില്ല.” അദ്ദേഹം വ്യക്തമാക്കി.
തനിക്കിപ്പോള്‍ ഒരു ചിത്രവും നിര്‍മിക്കാനുള്ള പദ്ധതിയില്ലെന്നും അഭിഷേക് പറയുന്നു. എന്നാല്‍ അതിനര്‍ത്ഥം താനൊരിക്കലും നിര്‍മാമ രംഗത്തുണ്ടാവില്ലെന്നല്ലെന്നും അഭിഷേക് വ്യക്തമാക്കി.