| Tuesday, 19th May 2020, 12:05 pm

പിറന്നാൾ ദിനത്തിൽ നവാസുദ്ദീൻ സിദ്ദിഖി വാർത്തയിൽ നിറഞ്ഞത് വിവാഹ മോചന നോട്ടീസിന്റെ പേരിൽ; ലോക്ക് ഡൗൺ വിവാഹ ജീവിതം അവസാനിപ്പിക്കണമെന്ന തീരുമാനത്തിലെത്തിച്ചുവെന്ന് ആലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പിറന്നാൾ ദിനത്തിൽ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി വാർത്തകളിൽ നിറഞ്ഞത് ഭാര്യ വിവാഹ മോചനം തേടി അയച്ച വക്കീൽ നോട്ടീസിന്റെ പേരിൽ. പതിനൊന്ന് വർഷം നീണ്ട് നിന്ന വിവാഹ ജീവിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയ സിദ്ദിഖി അദ്ദേഹത്തിന് നോട്ടീസയച്ചുവെന്ന് പി.ടി.ഐ റിപ്പോർട്ടു ചെയ്യുന്നു. വാട്സ് ആപ്പിലൂടെയും ഇമെയിൽ മുഖാന്തരവുമാണ് ആലിയ നോട്ടീസ് അയച്ചിരിക്കുന്നത്.

ഇപ്പോൾ ജന്മനാടായ ഉത്തർപ്രദേശിലെ ബുദാനയിലാണ് നവാസുദ്ദീൻ സിദ്ദിഖി. മുംബൈയിൽ നിന്നും യു.പിയിലെത്തിയത് കൊണ്ട് രണ്ടാഴ്ച്ച ക്വാറന്റൈനിൽ കഴിയാൻ അദ്ദേഹത്തിന് നിർദേശം ലഭിച്ചിരുന്നു.

വിവാഹ മോചനം തേടികൊണ്ട് നവാസുദ്ദീൻ സിദ്ദിഖിയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം ഇതുവരെ മറുപടിയൊന്നും തന്നിട്ടില്ലെന്നും ഇന്ത്യൻ എക്സ്പ്രസിനോട് ആലിയ പ്രതികരിച്ചിരുന്നു. എന്താണ് ഇപ്പോൾ വിവാഹമോചനം വേണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന ചോദ്യത്തിന് അത് തികച്ചും വ്യക്തിപരമാണെന്നും അതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ താത്പര്യമില്ലെന്നുമാണ് അവർ പറഞ്ഞത്. പക്ഷേ കഴിഞ്ഞ പത്ത് വർഷമായി തങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ സമയത്ത് താൻ ധാരാളം ആലോചനകൾ നടത്തിയെന്നും ഇനി ഈ വിവാഹത്തിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് ബോധ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. മുസാഫർപൂരിലേക്ക് അദ്ദേഹം പോകുന്നതിന് മുൻപ് തന്നെ വിവാഹ മോചനത്തിനായി വക്കീൽ നോട്ടീസ് അയച്ചിരുന്നു എന്നും ആലിയ കൂട്ടിച്ചേർത്തു.2009 ലാണ് നവാസുദ്ദീൻ സിദ്ദിഖിയും ആലിയയും വിവാഹിതരാകുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more