| Monday, 13th February 2023, 4:35 pm

മെസിയേയും നെയ്മറേയുമൊക്കെ ഗെയിമിൽ മാത്രമേ കണ്ടിട്ടുള്ളൂ; എന്താവുമോ എന്തോ? ബയേൺ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫെബ്രുവരി 15നാണ് യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരത്തിലെ ആദ്യ പാദത്തിൽ പി.എസ്.ജി ബയേൺ മ്യൂണിക്കിനെ നേരിടുന്നത്.

ഫ്രഞ്ച് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കാനായാൽ ബയേണിന്റെ മൈതാനത്ത്‌ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ പി.എസ്.ജിക്ക് സമ്മർദം കുറച്ച് കളിക്കാൻ സാധിക്കും.

എന്നാലിപ്പോൾ സൂപ്പർ താരങ്ങൾ അടങ്ങിയ പി.എസ്. ജി ലൈനപ്പിനെതിരെ കളിക്കുന്നതിലുള്ള ആകാംക്ഷ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ബയേൺ മ്യൂണിക്കിന്റെ യുവതാരം ലെറോയ് സനെ.

ബയേണിന്റെ യുവ അറ്റാക്കറായ താരം ബയേൺ മ്യൂണിക്കിന്റെ ഔദ്യോഗിക മീഡിയ പ്രൊഡക്ഷൻ ടീം തയ്യാറാക്കിയ വീഡിയോയിലാണ് മത്സരത്തെക്കുറിച്ച് വാചാലനായത്.

“പി.എസ്.ജിയുടെ കൈവശം അസാധ്യമായ താരങ്ങളുണ്ട്. ഞാൻ ചെറുപ്പമാണ് പക്ഷെ വളരെ വേഗത്തിൽ തന്നെ ഇത്രയും കാലിബറുള്ള താരങ്ങൾക്കെതിരെ കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. ഇതിന് മുമ്പ് ഞാൻ ഈ താരങ്ങളെ പ്ലേ സ്റ്റേഷൻ ഗെയിമുകളിലോ ടിവിയിലോ മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാൽ പെട്ടെന്നിതാ അവരൊക്കെ നിങ്ങളുടെ മുന്നിൽ പിച്ചിൽ കളിക്കാനായി വന്നു നിൽക്കുന്നു,’ സനെ പറഞ്ഞു.

“എന്റെ കരിയറിന്റെ തുടക്കത്തിൽ ഞാൻ ഈ താരങ്ങളുടെ വീഡിയോ ഗെയിം കളിച്ച് രാത്രി വൈകിയുറങ്ങുമായിരുന്നു. തൽക്കാലം കളിയിൽ ഫോക്കസ് ചെയ്യാനും അത് ആസ്വദിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ബാക്കിയൊക്കെ വരുന്നിടത്തു വെച്ച് കാണാം,’ ലെറോയ് സനെ കൂട്ടിച്ചേർത്തു.

പി.എസ്.ജിക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുള്ള ബയേണിനെതിരെയുള്ള മത്സരത്തിനായി പാരിസ് ടീം പരിശീലകനായ ഗാൾട്ടിയർ മികച്ച മുന്നൊരുക്കം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് കിരീടം കിട്ടാക്കനിയായ ക്ലബ്ബിന് ഈ സീസണിലും ടൈറ്റിൽ നേടാൻ സാധിച്ചില്ലെങ്കിൽ കോച്ച് ക്രിസ്റ്റഫെ ഗാൾട്ടിയറുടെ ഭാവി തുലാസിലായേക്കും.

അതേസമയം ബുന്ദസ് ലിഗയിൽ 20 മത്സരങ്ങളിൽ നിന്നും 43 പോയിന്റുമായി ടേബിൾ ടോപ്പർമാരാണ് ബയേൺ. മെൻഷിങ്‌ദിലഷ്ബാഗിനെതിരെയാണ് ഫെബ്രുവരി 18ന് ബയേണിന്റെ അടുത്ത മത്സരം.

Content Highlights:I had only seen them on the PlayStation Leroy Sane said about messi and neymar

We use cookies to give you the best possible experience. Learn more