ഒരു വൃക്കയുമായാണ് ജീവിച്ചതും രാജ്യത്തിന് വേണ്ടി മത്സരിച്ച് വിജയം നേടിയതും; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോര്‍ജ്
DSport
ഒരു വൃക്കയുമായാണ് ജീവിച്ചതും രാജ്യത്തിന് വേണ്ടി മത്സരിച്ച് വിജയം നേടിയതും; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th December 2020, 3:04 pm

കൊച്ചി: ലോക അത്‌ലറ്റിക് മീറ്റിലടക്കം ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. രാജ്യത്തിന്റെ അഭിമാനമായ അഞ്ജു ബോബി ജോര്‍ജ് ഒരു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ന്.

ഇന്ത്യക്കു വേണ്ടി താന്‍ മത്സരിച്ചത് ഒരു വൃക്കയുമായാണെന്നാണ് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞിരിക്കുന്നത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു അഞ്ജുവിന്റെ വെളിപ്പെടുത്തല്‍.

‘വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- എന്നായിരുന്നു അഞ്ജുവിന്റെ വാക്കുകള്‍.
കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്.

ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്‌കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്പോഴൊന്നും ഇക്കാര്യം അഞ്ജു പോലും അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്‌കാനിംഗിലാണ് ഈ വിവരം അറിയുന്നത്.

ഇതിനു പിന്നാലെ അഞ്ജുവിനെ അഭിനന്ദിച്ച് കിരണ്‍ റിജുജുവും ട്വീറ്റ് ചെയ്തു. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ അഞ്ജുവിനെ ഓര്‍ത്ത് ഏറെ അഭിമാനമുണ്ടെന്ന് റിജുജു പറഞ്ഞു. കഠിനാധ്വാനത്തിന്റേയും പ്രയത്‌നത്തിന്റേയും ഫലമാണ് അജ്ഞുവിന്റെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ലോംഗ് ജമ്പ് താരമായിരുന്ന അഞ്ജു 2003ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി ഒട്ടേറെ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു രാജ്യത്തിനായി മെഡലണിഞ്ഞിട്ടുണ്ട്. ലോക അത്ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണ്ണമെഡലും അഞ്ജു നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ