2018 ചിത്രം എഡിറ്റ് ചെയ്യുന്ന സമയത്ത് ഷൂട്ട് ചെയ്തതില്‍ ഒരു സീന്‍ പോലും കളയേണ്ടിവന്നിട്ടില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. എന്നാല്‍ താന്‍ അഭിനയിച്ച ഒരു സീന്‍ കളയേണ്ടി വന്നുവെന്നും അത് അത്യാവശമുള്ള രംഗമായിരുന്നില്ലെന്നും രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറഞ്ഞു. ചിത്രത്തിലെ താരങ്ങളായ ആസിഫ് അലി, അജു വര്‍ഗീസ് എന്നിവരും അഭിമുഖത്തില്‍ ജൂഡിനൊപ്പം ഉണ്ടായിരുന്നു.
‘ഷൂട്ട് ചെയ്തതില്‍ ഒരു സീന്‍ പോലും ഈ ചിത്രത്തില്‍ നിന്ന് കളയേണ്ടിവന്നിട്ടില്ല. പക്ഷേ ഞാന്‍ അഭിനയിച്ച ഒരു സീന്‍ ചിത്രത്തില്‍ നിന്ന് കളയേണ്ടി വന്നിട്ടുണ്ട്. ശരിക്കും അങ്ങനൊരു സീന്‍ ഇല്ലെങ്കിലും പടത്തിന് പ്രശ്‌നം ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ അത് മാറ്റിയത്. അല്ലാതെ ഞാന്‍ മോശമായതുകൊണ്ടല്ല.
വേറൊരാള്‍ ചെയ്യേണ്ട കഥാപാത്രം ആയിരുന്നു അത്. ചെറിയൊരു ഫോണ്‍ കട്ട് ആണ്. അയാള്‍ ആയിരുന്നു ആ റോള്‍ ചെയ്തിരുന്നതെങ്കില്‍ ഞാന്‍ കളയില്ലായിരുന്നു. കാരണം അയാള്‍ അതില്‍ വന്നഭിനയിച്ചതാണല്ലോ. ഞാന്‍ അഭിനയിച്ചത് കട്ട് ചെയ്ത് കളഞ്ഞത് എനിക്ക് സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്. അതില്ലെങ്കിലും പടത്തിന് പ്രശ്‌നമില്ലായിരുന്നു,’ ജൂഡ് പറഞ്ഞു.
‘സിനിമയുടെ ടോട്ടാലിറ്റി ആവശ്യപ്പെടുന്നില്ലെങ്കില്‍ അത് കളയാം ‘അജു വര്‍ഗീസ് കൂട്ടിചേര്‍ത്തു.
മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കാവ്യാ ഫിലിംസ്, പി.കെ. പ്രൈം പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ വേണു കുന്നപ്പള്ളി, സി.കെ. പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: I had a scene cut that was supposed to be done by someone else in 2018, says Jude Anthony Joseph