|

കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു: ശാരദ മുരളീധരന് പിന്തുണയുമായി വി.ഡി സതീശൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ട സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്രയും ഉന്നത സ്ഥാനത്തിരിക്കുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥക്ക് പോലും ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതേണ്ടി വന്നു എന്നത് വെളിവാക്കുന്നത് കേരളത്തിലെ പലരുടെയും മനസിലുള്ള കറയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് അഭിമാനം തോന്നുന്നു. വളരെ ധൈര്യപൂർവം തനിക്കെതിരെയുണ്ടായ അധിക്ഷേപത്തിനെതിരെ ശാരദ മുരളീധരൻ പ്രതികരിച്ചു. അതിനുള്ള ധൈര്യം അധികം ആളുകളിൽ ഉണ്ടാവാറില്ല. ഇത്രയും ഉന്നത സ്ഥാനത്തിരിക്കുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥക്ക് പോലും ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതേണ്ടി വന്നിരിക്കുകയാണ്. ഇത് വെളിവാക്കുന്നത് കേരളത്തിലെ പലരുടെയും മനസിലുള്ള കറയാണ്. എന്താണ് കറുപ്പിന് ഒരു കുഴപ്പം? എന്താണ് കറുപ്പിന് കുറവ്? എന്റെ അമ്മയുടെയും നിറം കറുപ്പായിരുന്നു.

എനിക്ക് ചെറുപ്പത്തിൽ ഉണ്ടായിരുന്ന സങ്കടം അമ്മയെപ്പോലെ കറുപ്പ് നിറമില്ലായിരുന്നു എന്നതായിരുന്നു. കറുപ്പിനെന്താണ് കുഴപ്പം എന്നത് തിരിച്ച് ചോദിക്കുന്നതാണ് ആ പോസ്റ്റിന്റെ പ്രസക്തി. കറുപ്പിനെ മോശമായി ചിന്തിക്കുന്നത് പോലും പൊളിറ്റിക്കലി ഇൻകറക്ട് ആണ്.

കേരളം ഇപ്പോഴും യാഥാസ്ഥിതിക ചിന്തയിലാണ് ഉള്ളത്. വർഗീയതയുടെ കാര്യത്തിലാണെങ്കിലും ഒരുപാട് യാഥാസ്ഥിതിക ചിന്തകൾ വച്ചുപുലർത്തുന്നുണ്ട് എന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പോസ്റ്റ്. പുതിയ തലമുറയിലേക്ക് ഇത് പോകരുത്. സോഷ്യൽ മീഡിയയിൽ വരുന്ന പല കമന്റുകൾ ശ്രദ്ധിച്ചാൽ തന്നെ മനസിലാക്കാം എത്ര വികലമായ മനസിനുടമകളാണ് പലരും എന്നത്. പണ്ട് പബ്ലിക്ക് ടോയ്‌ലെറ്റുകളിൽ അശ്ലീലം എഴുതി വെക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവിടെയൊന്നും കാണാറില്ല, അവരെല്ലാം സോഷ്യൽ മീഡിയയിൽ ഉണ്ട്,’ അദ്ദേഹം പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും അദ്ദേഹം ശാരദ മുരളീധരനുള്ള പിന്തുണ അറിയിച്ചിരുന്നു. ‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു,’ വി.ഡി സതീശൻ കുറിച്ചു.

ഇന്ന് രാവിലെയായിരുന്നു തനിക്ക് നേരിട്ട അധിക്ഷേപത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എത്തിയത്.

Content Highlight: I had a black mother: V.D. Satheesan supports Saradha Muraleedharan

Video Stories