ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ CONEMBOL ന്റെ ആസ്ഥാനത്ത് മെസിയുടെ ലോകകപ്പ് ഏന്തി നിൽക്കുന്ന പ്രതിമ സ്ഥാപിച്ചിരുന്നു. ബ്രസീൽ ഇതിഹാസ താരമായ പെലെക്കും അർജന്റീനയുടെ സൂപ്പർ താരമായ മറഡോണക്കുമൊപ്പമാണ് മെസിയുടെ പ്രതിമ ലാറ്റിനമേരിക്കൻ ഫുട്ബോൾ തലസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടത്.
ഖത്തർ ലോകകപ്പ് ഫൈനലിൽ ഇരട്ട ഗോളുകൾ നേടി അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച മെസിക്ക് നൽകപ്പെട്ട അർഹമായ അംഗീകാരമായിരിക്കുകയാണ് ലോകകപ്പ് ട്രോഫിയേന്തി നിൽക്കുന്ന മെസിയുടെ പ്രതിമയുടെ സ്ഥാപനം.
പ്രതിമയുടെ അനാച്ഛാദന ചടങ്ങിന് ശേഷം മെസി താൻ ഫുട്ബോളിൽ നിന്നും എല്ലാം നേടിയെന്നും അതിന് ദൈവത്തോട് നന്ദിയുണ്ടെന്നും അഭിപ്രായപ്പെട്ടു.
“അങ്ങനെ ഇതും എനിക്ക് ലഭ്യമായിരിക്കുന്നു. എന്റെ കരിയറിലെ ഒരു നഷ്ടമായിരുന്നു ഇവിടെ എന്റെ പ്രതിമയില്ലെന്ന കാര്യം. ഫുട്ബോളിൽ നിന്നും ഞാൻ ഇപ്പോൾ എല്ലാം നേടിയിരിക്കുന്നു. അതിന് ദൈവത്തിനോട് നന്ദിയുണ്ട്. ഞാൻ എനിക്ക് കിട്ടിയ ട്രോഫിയെല്ലാം വീട്ടിലെ മ്യൂസിയത്തിൽ സൂക്ഷിക്കും.
ഇത്തരം ഒരു ബഹുമതി എനിക്ക് നൽകിയതിൽ CONEMBOLന് നന്ദിയുണ്ട്. ലോകകപ്പ് നേടിയതിന് ശേഷം ഞാൻ മനോഹരമായ ഒരു ജീവിതത്തിലൂടെയാണ് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. ലോകകപ്പ് നേടിയ ശേഷം ലഭിക്കുന്ന അഭിനന്ദന പ്രവാഹങ്ങൾ ഇതുവരേക്കും അവസാനിച്ചിട്ടില്ല,’ മെസി പറഞ്ഞു.
“ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഞങ്ങൾക്ക് അഭിനന്ദനം ലഭിക്കുന്നുണ്ട്. അവർ ഞങ്ങളെയോർത്ത് സന്തോഷിക്കുന്നു. ഞങ്ങൾക്ക് അറിയാത്ത ആളുകൾ വരെ അതിൽ ഉൾപ്പെടുന്നു. ഒരു പ്രൊഫഷണൽ ഫുട്ബോളർ ആവണമെന്നതായിരുന്നു എന്റെ ആഗ്രഹം.
അതിനിടയിൽ നിരവധി പരാജയങ്ങൾ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പക്ഷെ എന്റെ സ്വപ്‌നങ്ങൾ ഒടുവിൽ സഫലമായി. പന്ത് എന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ വസ്തുവാണ്. അതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും,’ മെസി കൂട്ടിച്ചേർത്തു.
അതേസമയം വരുന്ന ജൂണിൽ പി.എസ്.ജിയിലെ കരാർ അവസാനിക്കുന്ന മെസിയുടെ കരാർ അതിന് മുമ്പ് പുതുക്കിയില്ലെങ്കിൽ താരം ഫ്രീ ഏജന്റായി മാറും.